
ഐശ്വര്യലബ്ധിക്കും ശുഭകര്മ്മങ്ങള്ക്കുമായി മനഃശുദ്ധിയോടെയും നിറഞ്ഞ സന്തോഷത്തോടെയും നിലവിളക്കിലേക്ക് അഗ്നി പകരുമ്പോള്‍ ഭവനങ്ങളില്‍ പ്രഭാപൂരമായ തേജസ്സ് പടരുന്നു. നിലവിളക്കില്‍ ദീപം തെളിയുന്നതോടെ ശാന്തി മനുഷ്യഹൃദയങ്ങളിലേക്കെത്തുന്നു.
മനുഷ്യശരീരത്തിന്റെ പ്രതിരൂപമായ നിലവിളക്കിന് ആ പേര് വന്നത് നിലത്തിരുന്ന് (ഭൂമിയിലിരുന്ന്) പ്രകാശിക്കുന്നതിനാലാണ്. മനസ്സ്, നാദം, കല, ബിന്ദു, പഞ്ചഭൂതങ്ങള്‍ എന്നിവയുടെ പ്രതീകമായി ആചാര്യന്മാര് നിലവിളക്കിനെ കാണുന്നു.
പ്രാതഃസന്ധ്യയിലും സായംസന്ധ്യയിലും കൊളുത്തുന്ന നിലവിളക്ക് വീടുകള്‍ക്ക് തേജസ്സും ഉണര്‍വുമാണ് പകരുന്നത്. വിളക്കിലെ എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും കരുതുന്നു. അഗ്നിയെ സാക്ഷിയാക്കാതെ നാം മംഗളകര്‍മ്മങ്ങള്‍ നടത്താറില്ല. നൂറ്റാണ്ടുകളായി തുടരുന്ന ഈ രീതി ഇക്കാലത്തും ശക്തമായി നില്‍ക്കുന്നത് നമ്മുടെ വിശ്വാസസംഹിതകളുടെ പ്രാധാന്യമാണ് കാണിക്കുന്നത്.
ദിവസവും യഥാര്‍ത്ഥത്തില്‍ മൂന്ന് സന്ധ്യകളാണുള്ളത്. പ്രാതഃകാലസന്ധ്യയും, മദ്ധ്യാഹ്നസന്ധ്യയും, സായംസന്ധയും. സൂര്യന് ശക്തി കുറയുമ്പോഴാണ് നിലവിളക്ക് കൊളുത്തി നാം പ്രാര്‍ത്ഥിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 'സന്ധ്യ' എന്നതുകൊണ്ട് 'സന്ധിക്കുന്നത്' എന്നാണര്‍ത്ഥമാക്കുന്നത്. ഇരുട്ടും വെളിച്ചവും തമ്മിലാണ് സന്ധിക്കുന്നത്.
ഇരുട്ടിനെ അകറ്റുന്ന വെളിച്ചമെന്ന നിലയില്‍ ഒരു തിരിയിട്ടും, ജീവാത്മാവ്, പരമാത്മാവ് എന്നീ അര്‍ത്ഥത്തില്‍ ഇരുതിരിയിട്ടും ദീപം നിലവിളക്കില്‍ തെളിക്കുന്നു.
വീടുകളില്‍ ഇരുതിരിയിട്ട് വിളക്കു തെളിക്കുന്നതാണ് ഉത്തമം. പ്രഭാതത്തില്‍ കിഴക്കോട്ടും, വൈകിട്ട് ഒരു തിരി കിഴക്കോട്ടും, ഒരു തിരി പടിഞ്ഞാറോട്ടും കത്തിക്കണം.
സൂര്യന് ഉദിക്കുകയും അസ്തമിക്കുകയുമില്ല. പകരം സൂര്യന് മറയുകയാണ്. ഇത്തരമൊരു സങ്കല്പത്തിലാണ് വൈകിട്ട് വിളക്കില്‍ ഇരുവശവും തിരികൊളുത്തുന്നത്. 3, 5, 7 തിരികളിട്ടും നിലവിളക്ക് വീട്ടില്‍ കത്തിക്കാം.
ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്, സൃഷ്ടി, സ്ഥിതി, സംഹാരം, സാത്വികം, രാജസം, താമസം എന്നീ ദര്‍ശനങ്ങളാണ് മൂന്ന് തിരികൊളുത്തി വിളക്ക് തെളിക്കുമ്പോള്‍ സ്മരിക്കേണ്ടത്. തിരികള്‍ കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളിലാകണം.
തിരികള്‍ അഞ്ചാണെങ്കില്‍ നാലുദിക്കും, വടക്കുകിഴക്കുമായും വിളക്ക് തെളിക്കണം. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളും, പ്രാണന്, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ എന്നീ പഞ്ചപ്രാണന്മാരുമാണ് അഞ്ചു തിരിയുടെ പിന്നിലെ പൊരുള്‍. 'ഭദ്രദീപ'മെന്നാണ് അഞ്ചു തിരിയുള്ള നിലവിളക്ക് കത്തിക്കുന്നതിന് പറയുന്നത്.
രസം, രക്തം, അസ്ഥി, മജ്ജ, ശുക്ലം, മാംസം, മേദസ്സ് എന്നീ സപ്തധാതുക്കളെയാണ് ഏഴുതിരി സൂചിപ്പിക്കുന്നത്. നാല് ദിക്ക്, വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറ്, തെക്കുകിഴക്ക് എന്നിങ്ങനെയാണ് ഏഴു തിരിയിടേണ്ടത്. ഒമ്പതു തിരിയുള്ള ദീപം നവഗ്രഹങ്ങളെയാണ് സ്മരിക്കുന്നത്.
വിളക്കു കൊളുത്തുന്നയാള്‍ പടിഞ്ഞാറോട്ടു മുഖം തിരിച്ചുനിന്ന് ദീപം തെളിക്കരുത്. അത് കിഴക്കേ ദീപത്തെ മറയ്ക്കും. തെക്കോട്ടുനിന്ന് കൊളുത്തുന്നത് അശുഭകരവുമാണ്. അതുകൊണ്ട് വടക്കോട്ട് തിരിഞ്ഞുനിന്ന് കിഴക്കേദീപം ആദ്യം കൊളുത്തുക. ശേഷം കൈയിലിരിക്കുന്ന ദീപം ഇടത്തോട്ട് തിരിച്ച് മറ്റ് തിരികളും കൊളുത്തുക.
വിളക്ക് കത്തിക്കാന്‍ അധികം പുകയുയരുന്ന എണ്ണ ഉപയോഗിക്കരുത്. ശുദ്ധമായ വെളിച്ചെണ്ണ, നെയ്യ്, നല്ലെണ്ണ ഇവയിലേതെങ്കിലും ഉപയോഗിക്കാം. ഇതില്‍ നെയ്യാണ് ഉത്തമം. ദീപം ഊതിയണയ്ക്കുന്നതും കരിന്തിരി കത്തിക്കുന്നതും ദോഷകരമാണ്. പുഷ്പങ്ങള്‍കൊണ്ട് അമര്‍ത്തിയോ, എണ്ണ വീഴ്ത്തിയോ, എണ്ണയിലേക്ക് കത്തുന്ന തിരി ഇറക്കിയോ വിളക്ക് അണയ്ക്കാം.