
i20 ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ പുതിയ 2023 മോഡല്‍ N ലൈന്‍ വേരിയന്റിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. മുന്‍ഗാമിയെ അപേക്ഷിച്ച് സ്പോര്‍ട്ടി ഹാച്ച്ബാക്കിന് കാര്യമായ അപ്ഡേറ്റുകളുമായാണ് ഇത്തവണ നിരത്തിലേക്ക് ഓടിയിറങ്ങുന്നത്. പുതിയ ഹ്യുണ്ടായി i20 N ലൈന്‍ ഫെയ്സ്ലിഫ്റ്റിന്റെ മാനുവലിന് 9.99 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ടോപ്പ് എന്‍ഡ് ഡിസിടി ഓട്ടോമാറ്റിക് N8 വേരിയന്റിന് 12.32 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടതുണ്ട്.
അടുത്തിടെ പ്രീമിയം ഹാച്ച്ബാക്കിന്റെ ഫെയ്സ്ലിഫ്റ്റ് മോഡലില്‍ നിന്നും ഒഴിവാക്കിയ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായാണ് പുതിയ i20 N ലൈന്‍ വന്നിരിക്കുന്നത്. 118 bhp പവറില്‍ 172 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന പരിചിതമായ 1.0 ലിറ്റര്‍ കാപ്പ ടര്‍ബോ GDi പെട്രോള്‍ എഞ്ചിനാവും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം പുതിയ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനും കാറിലുണ്ട്. N6, N8 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുതിയ 2023 മോഡല്‍ ഹ്യുണ്ടായി i20 N ലൈന്‍ സ്പോര്‍ട്ടി ഹാച്ച്ബാക്ക് സ്വന്തമാക്കാനാവുന്നത്. അടുത്തിടെ പുതുക്കിയ സ്റ്റാന്‍ഡേര്‍ഡ് i20 ഹാച്ച്ബാക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈന്‍ മാറ്റങ്ങളും വാഹനത്തിലുണ്ട്.
ഹ്യുണ്ടായി i20 N ലൈന്‍ ഇപ്പോള്‍ പുതിയ അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടൈറ്റന് ഗ്രേ, തണ്ടര്‍ ബ്ലൂ, സ്റ്റാറി നൈറ്റ്, അറ്റ്ലസ് വൈറ്റ് വിത്ത് എബിസ് ബ്ലാക്ക് റൂഫ്, തണ്ടര്‍ ബ്ലൂ വിത്ത് എബിസ് ബ്ലാക്ക് റൂഫ് എന്നിവയുള്‍പ്പെടെ നിരവധി കളറുകളിലും ലഭ്യമാണ്. 52 ഹിംഗ്ലീഷ് വോയ്സ് കമാന്‍ഡുകളും OTA അപ്ഡേറ്റുകളും പിന്തുണയ്ക്കുന്നതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. 60-ലധികം കണക്റ്റഡ് ഫീച്ചറുകള്‍, മള്‍ട്ടി-ലാംഗ്വേജ് യുഐ സപ്പോര്‍ട്ട്, 127 എംബഡഡ് വോയ്സ് റെക്കഗ്നിഷന്‍ കമാന്‍ഡുകള്‍ എന്നിവയും കാറിലുണ്ട്. സേഫ്റ്റിയിലേക്ക് വന്നാല്‍ ഹ്യുണ്ടായി i20 N ലൈനില്‍ ആറ് എയര്‍ബാഗുകള്‍, ESC, ഹില്‍ അസിസ്റ്റ് കണ്ട്രോള് (HAC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) ഹൈലൈന്‍ എന്നിവയുള്‍പ്പെടെ 35 സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ് ഇടംപിടിച്ചിരിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകളുടെ ഭാഗമായി നിങ്ങള്‍ക്ക് നാല് വീലുകള്‍ക്കും ഡിസ്ക് ബ്രേക്കുകളും ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകളും എല്ലാ സീറ്റുകള്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും N ലൈന്‍ സ്പോര്‍ട്ടി ഹാച്ച്ബാക്കില്‍ ലഭിക്കും. കൂടാതെ, ബര്‍ഗ്ലാര്‍ അലാറം, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഹെഡ്ലാമ്പ് എസ്കോര്‍ട്ട് ഫംഗ്ഷന് എന്നിവയുള്‍പ്പെടെ 40 അധിക സുരക്ഷാ സവിശേഷതകളുമായാണ് പുതിയ i20 N ലൈന്‍ വരുന്നത്.






