
രാജകീയ പ്രൗഡിയില്‍ ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഞായറാഴ്ച രാത്രി ഉദയ്പൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.
പേള്‍ വൈറ്റ് വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്. ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ തുടങ്ങിയ സൗഹൃദം ഒടുവില്‍ വിവാഹത്തിലെത്തിയിരിക്കുന്നു. ദീര്‍ഘനാളായി കാത്തിരുന്ന നിമിഷമാണിത്. ഒടുവില്‍ ദമ്പതികളാകാന്‍ ഭാഗ്യമുണ്ടായെന്നും പരസ്പരം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പരിനീതി കുറിച്ചു.
ഐവറി നിറത്തിലുളള ലഹങ്കയാണ് പരിനീതി അണിഞ്ഞത്. രാഘവിന്റെ പേര് ദുപ്പട്ടയില്‍ എംബ്രോഡറി ചെയ്തിട്ടുണ്ട്. നിറയെ ബീജ് വര്‍ക്കുകളും ത്രെഡ് വര്‍ക്കുകളും നിറഞ്ഞ മനോഹരമായ ലഹങ്ക ഡിസൈന്‍ ചെയ്തത് മനീഷ് മല്‍ഹോത്രയാണ്. പച്ച നിറത്തിലുളള കല്ലുകളോടു കൂടിയ ഹെവി നെക്ലേസാണ് പെയര്‍ ചെയ്തത്. ഷെര്‍വാണിയിലാണ് രാഘവ് വിവാദിനത്തിലെത്തിയത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പ്രശസ്ത ഡിസൈനറായ മനീഷ് മല്‍ഹോത്ര, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഹര്ഭജന് സിങ്, മുന്‍ ടെന്നീസ് താരം സാനിയ മിര്‍സ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മേയില്‍ ഡല്‍ഹിയില്‍ വെച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.






