
എല്ലാ ജോലി മേഖകളിലും എതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ജീവനക്കാര്‍ അനുഭവിക്കാറുണ്ട്. പലപ്പോഴും ചെയ്യുന്ന അധ്വാനത്തിന് അനുസരിച്ചുള്ള വേതനം കിട്ടാറില്ല എന്നതു തന്നെയാണ് പ്രശ്നം. മാത്രമല്ല ഇതിനോടൊപ്പം കമ്പനിയുടെ നിയമങ്ങള്‍ കര്‍ശനമായി ജീവനക്കാര്‍ അനുസരിക്കുകയും വേണം. അല്ലാത്ത പക്ഷം കടുത്ത ശിക്ഷകളും നയങ്ങളുമായിരിക്കും കമ്പനി അധികൃതര്‍ സ്വീകരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭൂരിഭാഗം കമ്പനികളും ജീവനക്കാരുടെ ശമ്പളത്തിന്മേല് ആയിരിക്കും നടപടി സ്വീകരിക്കുന്നത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിക്കാതെ അവരെ ചൂഷണം ചെയ്ത് ശമ്പളം വെട്ടിക്കുറയ്ക്കുന്ന നിരവധി മേഖലകള്‍ ഉണ്ട് ഇന്ന് സമൂഹത്തില്‍. സമാനമായ ഒരു അവസ്ഥയിലൂടെയാണ് ഇവിടെ ഒരു യുവാവ് കടന്നുപോയിരിക്കുന്നത്. കമ്പനിയുടെ ഭാഗത്ത് നിന്ന് തനിക്ക് ഉണ്ടായ മോശമായ അനുഭവം യുവാവ് റെഡ്ഡിറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ്.
ആളുകളോട് അഭിപ്രായം ആരാഞ്ഞു കൊണ്ടാണ് യുവാവ് തന്റെ അനുഭവം പങ്ക് വച്ചിരിക്കുന്നത്. സംഭവം ഇതാണ്, ഇയാളുടെ ഓഫീസ് ഏഴാം നിലയിലാണ്. അതുകൊണ്ട് തന്നെ താഴേക്കും മുകളിലേക്കും പോകാനും വരാനും ലിഫ്റ്റിനെ ആശ്രയിക്കേണ്ടതുണ്ട്. കുറച്ച് ആഴ്ചകളായി ലിഫ്റ്റിന് കുറച്ച് പ്രശ്നങ്ങളുണ്ട്. അത് അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്തതാണ്. എന്നാലും ലിഫ്റ്റ് ശരിയാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസിലേക്ക് പോകും വഴി അതുപോലെ ഇയാള്‍ ലിഫ്റ്റില്‍ കുടുങ്ങി. മൂന്ന് മണിക്കൂറോളം അകത്ത് തന്നെ അകപ്പെട്ടു. ആ സമയത്ത് എച്ച് ആര് ഡിപാര്ട്മെന്റില് ബന്ധപ്പെട്ട് താന്‍ ലിഫ്റ്റില്‍ കുടുങ്ങിപ്പോയി എന്നും അതിനാല്‍ വൈകും എന്നും അറിയിച്ചിരുന്നു. എന്നാല്‍, ഓഫീസില്‍ എത്തിയപ്പോഴേക്കും ജീവനക്കാരന് ലീവ് രേഖപ്പെടുത്തുകയും തുക ശമ്പളത്തില്‍ നിന്നും കട്ട് ചെയ്യും എന്നും അറിയിക്കുകയായിരുന്നു.
ഇന്ന് തന്റെ അവധി രേഖപ്പെടുത്തിയതല്ലേ അതുകൊണ്ട് താന്‍ വീട്ടില്‍ പോക്കോട്ടെ എന്ന് ചോദിച്ചപ്പോഴാകട്ടെ അസി. മാനേജര്‍ നല്കിയ മറുപടി ഓഫീസില്‍ ജോലിയുണ്ട്, ആളുകളൊക്കെ കുറവാണ് അതിനാല്‍ ജോലി ചെയ്യണം എന്നായിരുന്നത്രെ. ഈ നടന്ന എല്ലാ കാര്യങ്ങളും താന്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടുണ്ട് എന്നും മുകളിലുള്ളവരെ ഇതെല്ലാം അറിയിക്കും എന്നുമാണ് ഇപ്പോള്‍ ഈ റെഡ്ഡിറ്റ് യൂസര്‍ പറയുന്നത്. അവിടെ നിന്നും നീതി കിട്ടും എന്ന് ഇയാള്‍ പ്രതീക്ഷിക്കുന്നു. പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ നിരവധി പേര് കമന്റുകളുമായി എത്തി. കമ്പനിയുടെ ഭാഗത്ത് തന്നെയാണ് തെറ്റെന്നും, ഉടന്‍ തന്നെ നീതികിട്ടട്ടെ എന്നുമാണ് ഭൂരിഭാഗം ആളുകളും കമന്റില്‍ രേഖപ്പെടുത്തിയത്.






