
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. കരുവന്നൂരിൽ രാഷ്ട്രീയ വേട്ടക്ക് ഇഡി ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചത്. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേതാക്കള്‍ക്ക് ബെനാമികളുടെ ആവശ്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, പാര്‍ട്ടി നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കം നടക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കരുവന്നൂരിലെ സംഭവങ്ങളെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കരുവന്നൂരിൽ ആദ്യം ക്രമക്കേട് കണ്ടെത്തിയത് കേന്ദ്ര ഏജൻസികളാണ്. ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോയുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇഡിക്ക് പല ഉദ്ദേശങ്ങളും കാണുമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ 16255 സംഘങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 98.5 സഹകരണ മേഖലയും കുറ്റമറ്റതാണ്. കേന്ദ്ര നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് സംശയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖല തകർക്കാൻ നേരത്തെയും ശ്രമം നടന്നിരുന്നു. നോട്ട് നിരോധന കാലത്തും ഇത് കണ്ടു.
കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണ്ണായക സ്വാധീനമാണ് സഹകരണ സംഘങ്ങൾക്കുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്. 1.86 ലക്ഷം കോടി രൂപ വായ്പ കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തെ ബാങ്കിംഗ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിലേറെ സഹകരണ ബാങ്കുകളാണ്.






