
ടൊയോട്ട ഒരു പുതിയ ലൈഫ്സ്റ്റൈല്‍ കോംപാക്റ്റ് ഓഫ്-റോഡര്‍ വികസിപ്പിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. 2021ല്‍ പ്രദര്‍ശിപ്പിച്ച കോംപാക്റ്റ് ക്രൂയിസര്‍ ഇവി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും വരാന്‍ പോകുന്ന ലാന്‍ഡ് ക്രൂയിസര്‍ 'മിനി'. ഹൈബ്രിഡ്, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് വില്‍പ്പനക്കെത്തുമെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരാന്‍ പോകുന്ന ടൊയോട്ട മോഡലുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത ചരിത്രമുള്ള ബെസ്റ്റ് കാര്‍സ്, മാഗസിന് എക്സ് എന്നീ മാഗസിനുകളില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ടൊയോട്ട 'ലാന്‍ഡ് ക്രൂയിസര്‍ മിനി' അടുത്ത വര്‍ഷം എപ്പോഴെങ്കിലും ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈറ്റ് ക്രൂയിസര്‍ അല്ലെങ്കില്‍ യാരിസ് ക്രൂയിസര്‍ എന്നായിരിക്കും ഇതിന് പേര് ലഭിച്ചേക്കുക. കോംപാക്ട് ക്രൂയിസര്‍ കണ്‍സെപ്റ്റ് ഇലക്ട്രിക് അവതാരത്തിലായിരുന്നു പ്രദര്‍ശിപ്പിച്ചത്. ഇതിന് ഒരു ഹൈബ്രിഡ് ഹൃദയവും ലഭിച്ചേക്കുമെന്ന് സംസാരമുണ്ട്. പുത്തന്‍ എസ്യുവിയുടെ വലിപ്പം കൊറോള ക്രോസിന് സമാനമായിരിക്കുമെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ ഇതിന് മാരുതി ജിംനിയേക്കാള്‍ വലിപ്പമുണ്ടാകും. ഇതിന്റെ മൊത്തത്തിലുള്ള നീളം 4,350 മില്ലീമീറ്ററും വീതി 1,860 മില്ലീമീറ്ററും ഉയരം 1,880 മില്ലീമീറ്ററും ആണെന്ന് കണക്കാക്കപ്പെടുന്നു. വരാന്‍ പോകുന്ന എസ്യുവി ഉയരത്തിന്റെ കാര്യത്തില്‍ പുതിയ പ്രാഡോക്ക് സമമായിരിക്കുമെങ്കിലും വലിപ്പത്തിന്റെ കാര്യത്തില്‍ ചെറുതായിരിക്കും.
കോംപാക്ട് ക്രൂയിസര്‍ കണ്‍സെപ്റ്റിനോട് ചേര്‍ന്ന് നില്ക്കുന്ന എക്സ്റ്റീരിയറിലായിരിക്കും മിനി ലാന്‍ഡ് ക്രൂയിസര്‍ എത്തുക. ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്പെയര്വീലിനൊപ്പം വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളും ഇതില്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ ഉപയോഗിച്ചേക്കാം. കൊറോള ക്രോസില്‍ നിന്നുള്ള 2.0 ലിറ്റര്‍ പെട്രോള്‍, RAV4-ല്‍ നിന്നുള്ള 2.5 ലിറ്റര്‍ പെട്രോള്‍/ഹൈബ്രിഡ്, പ്രാഡോയിലും ഹൈലക്സിലും കണ്ടുവരുന്ന 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് എന്നിവ വരാന്‍ പോകുന്ന എസ്യുവിയുടെ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഉണ്ടാകുമെന്നാണ് സൂചന.






