
കണ്ണൂരിലെ ചക്കരക്കല്ലിൽ ചന്ദന മോഷണ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. ഇരുവേലിയിൽ നിന്ന് ചന്ദനം മോഷ്ടിച്ച സംഘത്തിലുളളവരാണ് പിടിയിലായത്. മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദനമരം മോഷ്ടിച്ചതും ഇവരാണെന്നാണ് പൊലീസിന്റെ സംശയം
ഈ മാസം പതിനഞ്ചിന് ഇരുവേലിയിലെ വീട്ടുവളപ്പിലെ രണ്ട് ചന്ദനമരങ്ങൾ മുറിച്ച് കടത്തിയിരുന്നു. ഈ കേസിലാണ് ശിവപുരം സ്വദേശികളായ ലിജിലും ശ്രുതിനും പിടിയിലായത്. പോലീസ് ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നാലംഗ സംഘമാണ് മോഷ്ടിക്കാനെത്തിയത്. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
പോലീസ് കാവലുളള മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദന മരങ്ങൾ വരെ മോഷണം പോയതിന് പിന്നിലും ഈ സംഘമെന്നാണ് പോലീസിന്റെ സംശയം. കഴിഞ്ഞ മാർച്ചിലും ഈ മാസം പതിമൂന്നിനുമാണ് റൂറൽ എസ്പി ഓഫീസ് കൂടിയുളള സ്ഥലത്തെ ചന്ദന മരങ്ങൾ മോഷ്ടിക്കപ്പെട്ടത്. ഇപ്പോൾ പിടിയിലായവരുടെ ടവർ ലൊക്കേഷൻ ആ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ് പ്രദേശത്തായിരുന്നു. എന്നാൽ ഇവർ കുറ്റം സമ്മതിച്ചിട്ടില്ല.






