
പ്രണയം എന്നത് ആര്‍ക്കു വേണെമെങ്കിലും എപ്പോള്‍ വേണമെങ്കിലും ആരോടു വേണമെങ്കിലും തോന്നുന്ന വികാരമാണ്. അവിടെ നേരിട്ടുള്ള ഒരു കൂടിക്കാഴചയുടെ ആവശ്യപോലും വേണ്ടി വരില്ല. കാരണം പരസ്പരം ഒരു നോക്ക് കാണാതെ ഫോണിലൂടെ ദൂരെ നിന്ന് പ്രണയിച്ച കമിതാക്കളുടെ നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. ഓരോ പ്രണയവും മൊട്ടിട്ടുന്നതുപോലും വേറിട്ട അനുഭവങ്ങളിലൂടെയാണ്. ചിലര്‍ക്ക് പങ്കാളിയുടെ രൂപവും ഭാവവുമായിരിക്കും ആകര്‍ഷകമായി തോന്നുന്നത്. മറ്റ് ചിലര്‍ക്ക് സംസാരവും ശബ്ദവുമൊക്കെയായിരിക്കും അവരെ പ്രണയത്തിലേക്ക് അടുപ്പിക്കുന്നത്. എന്നാല്‍ ഇവിടെ ഇതാ ഒരു ഓസ്ട്രേലിയന്‍ യുവതിയും ഡെലിവറി ബോയും തമ്മിലുള്ള വ്യത്യസ്ത പ്രണയ കഥയാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്.
കേള്‍ക്കുമ്പോള്‍ ഒരു സിനിമാകഥ പോലെ തോന്നുമെങ്കിലും ഇത് ഒരു യഥാര്‍ത്ഥ പ്രണയ കഥയാണ്. ഈ കഥയിലെ നായിക ഓസ്ട്രേലിയയിലെ ഡാര്വിന് സ്വദേശിനിയായ മുപ്പത് വയസുകാരി തനത്സ ലൂക്കാസ് ആണ്. നായകന് ഡെലിവറി ഏജന്റായ കോറിയും. 2020 -ല്‍ ആണ് ഇവരുടെ ഈ അപൂര്‍വ പ്രണയം മൊട്ടിട്ടത്.ഒരു ഫോണ്‍ കോളിലൂടെയാണ് തനത്സ ലൂക്കോസ് എന്ന യുവതിയില്‍ പ്രണയമെന്ന വികാരം ഉടലെടുക്കുന്നത്. ഓര്‍ഡര്‍ ചെയ്ത കട്ട്ലറി ഡെലിവറിക്കായി കാത്തിരിക്കുകയായിരുന്നു തനത്സ. പെട്ടന്നാണ് ഒരു കോള്‍ അവളുടെ ഫോണിലേക്ക് വന്നത്. വീടിന് പുറത്ത് പാര്‍സല്‍ വെച്ചിട്ടുണ്ട് എന്നറിയിച്ച് കൊണ്ടുള്ള ഡെലിവറി ഏജന്റ് കോറിയുടെ ഫോണ്‍ കോള്‍ ആയിരുന്നു അത്. കോറിയുടെ ആകര്‍ഷകമായ ശബ്ദം അവളെ വല്ലാതെ ആകര്‍ഷിച്ചു. ആ ശബ്ദത്തോട് എന്തെന്നില്ലാത്ത പ്രണയം ആദ്യ കേള്‍വിയില്‍ തന്നെ അവളിലുണ്ടായി. പിന്നെ മടിച്ചില്ല, ആ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കും മുമ്പേ അവള് തന്റെ ഹൃദയവികാരം കോറിയുമായി പങ്കുവച്ചു. തന്നോടൊപ്പം ഡേറ്റിങ്ങിന് വരാമോയെന്ന് അവള് കോറിയോട് ചോദിച്ചു. അയാള്‍ക്കും സന്തോഷം. അങ്ങനെ ഇരുവരും തമ്മിലുള്ള ആകര്‍ഷകമായ ആ കൂടികാഴ്ചയുടെ സമയം വന്നെത്തി.
എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ ഇരുവും തമ്മിലുള്ള പ്രണയവും പൂവണിഞ്ഞു. ഓസ്ട്രേലിയയിലെ നാഷണല്‍ ഡിസെബിലിറ്റി ഇന്‍ഷുറന്‍സ് സ്കീമിന്റെ കേസ് മാനേജരാണ് തനത്സ. ഡെലിവറി ഏജന്‍സി വിട്ട് ഇപ്പോള്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയാണ് കോറി. വിവാഹിതരായി ഒരുമിച്ച് താമിസിക്കുന്ന ഇവര്‍ക്ക് ഇപ്പോള്‍ രണ്ട് കുട്ടികള്‍ ഉണ്ട്. കോറി ഫോണില്‍ നന്നായി സംസാരിച്ചിരുന്നുവെന്നും അത് വളരെ മാന്യമായി തോന്നിയെന്നും ആദ്യമായി ശബ്ദം കേട്ടപ്പോള്‍ തന്നെ തന്റെ പ്രണയം അവനെ അറിയിക്കാന്‍ തോന്നിയെന്നുമാണ് തനത്സ ഇപ്പോള്‍ ആദ്യാനുരാഗത്തെ കുറിച്ച് പറയുന്നത്. തങ്ങളുടെ സ്നേഹം ഓരോ ദിവസവും ശക്തമായി വളരുകയാണന്ന് കോറിയും കൂട്ടിച്ചേര്‍ത്തു. 2020 ഡിസംബര്‍ 19 -ന് നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഡാര്‍വിനില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ദമ്പതികള്‍ ഇപ്പോള്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലാണ് താമസിക്കുന്നത്. ഏതായാലും മനോഹരമായ ഈ പ്രണയകഥ ഇപ്പോള്‍ പലരുടെയും പറയാതെ പോയ ചില പ്രണയങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ടാകും.






