
സ്വിഫ്റ്റിന്റെ കണ്‍സെപ്റ്റിനെ ഔദ്യോഗികമായി അവതരിപ്പിച്ച് മാരുതി സുസുക്കി. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി 2023 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 5 വരെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ജപ്പാന് മൊബിലിറ്റി ഷോയ്ക്കായി തയാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതുതലമുറ സ്വിഫ്റ്റ് കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. നിലവിലെ മോഡലിന്റെ അടിസ്ഥാന രൂപം അതേപടി നിലനിര്‍ത്തിയാണ് കണ്‍സെപ്റ്റ് കാറിനും സുസുക്കി രൂപംകൊടുത്തിരിക്കുന്നത്.
കണ്‍സെപ്റ്റ് കാറിന് പുതുക്കിയ ഫ്രണ്ട് ബമ്പറും, റീഡിസൈന്‍ ചെയ്ത ഗ്രില്ലും മനോഹരമാണ്. ഗ്രില്ലിലെ ഹണികോമ്പ് പാറ്റേണ്‍ അല്പം കൂടി വലുതാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇന്‍വേര്‍ട്ടഡ് L ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സ്ലീക്കര്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുതിയ സ്റ്റൈലിലുള്ള അലോയ് വീലുകള്‍, ക്യാമറകളുള്ള ബ്ലാക്ക്ഡ്-ഔട്ട് ORVM-കള്‍, കറുത്ത നിറത്തിലുള്ള റൂഫും പില്ലറുകളും, ഡോര്‍ പാനലുകള്‍ക്ക് കുറുകെ പ്രവര്‍ത്തിക്കുന്ന ക്യാരക്ടര്‍ ലൈനുകളും സ്വിഫ്റ്റിന് സ്പോര്‍ട്ടിനെസ് സമ്മാനിക്കുന്നു. നാലാം തലമുറ സ്വിഫ്റ്റിന്റെ ഇന്റീരിയറിന് പുതിയ രൂപം നല്‍കുന്നതിനായി വലിയൊരു ഉടച്ചുവാര്‍ക്കല്‍ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഹെഡ്സ്-അപ്പ്-ഡിസ്പ്ലേ (HUD), വലിയ 9 ഇഞ്ച് ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 എയര്‍ബാഗുകള്‍ എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളാല്‍ വാഹനം സമ്പന്നമായിരിക്കും.
വലിപ്പത്തിന്റെ കാര്യത്തില്‍ നിലവിലെ മോഡലിന് സമാനമായിരിക്കും 2024 സ്വിഫ്റ്റ്. അതായത് ഏകദേശം 3.8 മീറ്റര്‍ മുതല്‍ 3.9 മീറ്റര്‍ വരെ നീളമായിരിക്കും ഹാച്ച്ബാക്കിന് ഉണ്ടായിരിക്കുക. ഇന്ത്യയില്‍ 5-സ്പീഡ് ഗിയര്‍ബോക്സ് അല്ലെങ്കില്‍ എഎംടി എന്നിവയ്ക്കൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.2 ലിറ്റര്‍ K12 എഞ്ചിന് തന്നെയാവും മാരുതി സുസുക്കി സ്വിഫ്റ്റിന് തുടിപ്പേകാന്‍ എത്തുക. അതേസമയം ആഗോളതലത്തില്‍ നാലാംതമലുറ ആവര്‍ത്തനത്തിന് 48V സ്ട്രോംഗ് ഹൈബ്രിഡ് ആര്ക്കിടെക്ചറോടുകൂടിയ 1.4 ലിറ്റര്‍ K14B പെട്രോള്‍ എഞ്ചിന് ലഭിക്കും.






