
ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് വി .എ. ദുരൈ അന്തരിച്ചു. 69 വയസായിരുന്നു. വിക്രമും സൂര്യയും പ്രധാന വേഷങ്ങളില്‍ എത്തിയ 'പിതാമകന്' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു അദ്ദേഹം. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്ത്യം.
അടുത്തിടെയാണ് പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ദുരൈയുടെ കാലുകള്‍ മുറിച്ചുമാറ്റിയത്. ഇതിനു പിന്നാലെ ശരീരഭാരം കുറയുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തു. തന്റെ മോശം അവസ്ഥ അറിയിച്ചു കൊണ്ട് അദ്ദേഹം ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട രജനികാന്ത്, സൂര്യ, വിക്രം ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ നടന്മാര് സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നു.
ബാലയുടെ സംവിധാനം ചെയ്ത് വി.എ.ദുരൈ നിര്‍മ്മിച്ച ' പിതാമകന്' 2003-ലാണ് പുറത്തിറങ്ങിയത്. ഇതിലെ അഭിനയത്തിന് വിക്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഗജേന്ദ്ര, എന്നമ്മാ കണ്ണ്, വിവരമാന ആള്, ലൗവ്ലി തുടങ്ങി മറ്റു പല ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.






