ലോകസിനിമയില്‍ തന്നെ ചരിത്രം തീര്‍ത്ത ചിത്രമായിരുന്നു ടൈറ്റാനിക്. അതിലെ ജാക്കും റോസും തമ്മിലുള്ള അതി തീവ്രമായ പ്രണയം അത്രമേല്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി. അതില്‍ ജാക്കായി വേഷമിട്ട ലിയനാര്‍ഡോ ഡികാപ്രിയോ ധരിച്ച വസ്ത്രം ലേലത്തിന് വെക്കാനായി പോകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത്വരുന്നത്.
അടുത്ത മാസമാണ് ലേലത്തിനു വെക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 115,000 ഡോളര്‍ മുതല്‍ 230,000 ഡോളര്‍ വരെയാണ് പ്രതീക്ഷിക്കുന്ന വില. ഇത് ഇന്ത്യന്‍ രൂപ 95 ലക്ഷം മുതല്‍ രണ്ടുകോടിയോളം വരെ വരും.കോഡുറോയ് പാന്റ്സും ഓവര്‍കോട്ടും ലോങ് സ്ലീവ് ഷര്‍ട്ടുമാണ് ചിത്രത്തിലേറെയും ജാക്ക് ധരിക്കുന്നത്.ടൈറ്റാനിക്കിലെ ലിയനാര്‍ഡോയുടെ വസ്ത്രങ്ങള്‍ ലേലത്തിന് വച്ചിരിക്കുന്നത് പ്രശസ്ത ടി വി, സിനിമ രംഗത്തെ പ്രധാന വസ്തുക്കള്‍ ലേലം ചെയ്യുന്ന പരിപാടിയുടെ ഭാഗമായിയാണ്.
ഏതാണ്ട് 1800-ഓളം വസ്തുക്കളാണ് പ്രസ്തുതലേലത്തില് ലേലം ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ സ്റ്റാര്‍ വാര്‍സ് എന്ന ചിത്രത്തിലെ പ്രശസ്തമായ ഡ്രോയിഡിന്റെ തലയുടെ രൂപം, ഗോഡ്ഫാദര് സിനിമയിലെ കോട്ട് തുടങ്ങിയവയും ലേലത്തിനായി വച്ചട്ടുണ്ട്. അതി തീവ്രമായ പ്രണയവും വിരഹവും ഒരുപോലെ ഇടകലര്‍ന്ന ഒരു ചിത്രമായിരുന്നു 1997 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്. ഒരു പക്ഷെ ആരാധകര്‍ ഇത്രയും അധികം നെഞ്ചിലേറ്റിയ പ്രണയജോഡികള്‍ വേറെയുണ്ടാകില്ലായെന്നത് തീര്‍ച്ചയാണ്.






