
മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇറങ്ങിയ ദിവസം മുതല്‍ തന്നെ ഹൗസ് ഫുള്ളായി തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ചിത്രം. വേള്‍ഡ് വൈഡ് കളക്ഷന്‍ അന്‍പതു കോടിയും കഴിഞ്ഞ് കുതിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഒന്‍പത് ദിവസം കൊണ്ടാണ് കണ്ണൂര്‍ സ്ക്വാഡ് 50കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ സല്മാന് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഈ അവസരത്തില്‍ അച്ഛന്റെ സിനിമയ്ക്ക് അഭിനന്ദനവും അറിയിച്ചിട്ടുണ്ട് ദുല്‍ഖര്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്.
'കണ്ണൂര്‍ സ്ക്വാഡിന്റെ എല്ലാ ടീം അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഒപ്പം ചിത്രത്തിന് നല്കുന്ന അവസാനമില്ലാത്ത സ്നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി'', എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. കാസര്‍ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയില്‍ നിന്നാണ് ചിത്രത്തിന്റെ കഥ പറച്ചില് രൂപപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം വിജയരാഘവന്, റോണി ഡേവിഡ്, മനോജ് കെയു, അസീസ് നെടുമങ്ങാട്, ദീപക് തുടങ്ങി നിരവധി പേര് അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹമ്മദ് ഷാഫിയും റോണിയും ചേര്‍ന്നാണ്.






