
പോപ് താരം അരിയാന ഗ്രാന്‍ഡെയും ഡാല്ട്ടന് ഗോമസും വിവാഹമോചിതരായി. പരസ്പരധാരണപ്രകാരമുള്ള വേര്‍പിരിയലാണിത്. സെപ്റ്റംബര്‍ 18നാണ് അരിയാന ലൊസാഞ്ചലസ് കോടതിയില്‍ വിവാഹമോചനഹര്‍ജി നല്‍കിയത്. പിന്നാലെ സമ്മതമറിയിച്ച് ഡാല്ട്ടനും എത്തി.
സ്വകാര്യത മാനിച്ച്, ജീവിതവും കരിയറും മാത്രം നോക്കി ജീവിക്കാന്‍ വേണ്ടിയാണ് അരിയാനയും ഡാല്ട്ടനും വേര്‍പിരിയുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരും സൗഹാര്‍ദപരമായാണ് പിരിഞ്ഞത്. ഇനിയും സുഹൃത്തുക്കളായിത്തന്നെ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2021ലാണ് അരിയാന ഗ്രാന്‍ഡെയും ഡാല്ട്ടന് ഗോമസും വിവാഹിതരായത്. കലിഫോര്‍ണിയയിലെ മോണ്ടെസിറ്റോ നഗരത്തിലുള്ള സ്വവസതിയില്‍ വച്ച് സ്വകാര്യമായിട്ടായിരുന്നു വിവാഹം. 2 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം വേര്‍പിരിഞ്ഞതോടെ വിവാഹ ചിത്രങ്ങളും അരിയാന സമൂഹമാധ്യമങ്ങളില്‍ നിന്നു നീക്കം ചെയ്തു.
അരിയാനയും ഗായകന് ഏഥന് സ്ലേറ്റും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. പൊതു ഇടത്തില്‍ ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് ആരാധകരുടെ സംശയം ബലപ്പെട്ടത്. ഇതേത്തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കവെ ഏഥന് ഭാര്യ ലില്ലി ജയില്‍ നിന്നും വിവാഹമോചിതനായി. പിന്നാലെയാണ് അരിയാനയും വിവാഹബന്ധം വേര്‍പെടുത്തിയത്. എന്നാല്‍ അരിയാനയും ഏഥനും തമ്മില്‍ പ്രണയബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമില്ല.






