
തിരുവനന്തപുരം: 47 -ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ജീവിതം ഒരു പെൻഡുലം എന്ന പുസ്തകത്തിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. ഒക്ടോബർ 27 ന് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാർഡ് നല്‍കും.
ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ ജീവിതം ഒരു പെൻഡുലം എന്ന പുസ്തകത്തില്‍ ഓണാട്ടുകരയുടെ രാഷ്ട്രീയ സാമൂഹ്യ ചരിത്രം കൂടി ഉള്‍ച്ചേർന്നിരിക്കുന്നു. ഗാനരചയിതാവ്, സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 22 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടി. 'സിനിമ: കണക്കും കവിതയും' എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത 'ഗാനം' 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി.
നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്കാരം 2015 ല്‍ ലഭിച്ചു. 2018 ല്‍മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരവും ലഭിച്ചു .






