
തമിഴിലെ സൂപ്പര്‍ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമയെടുക്കാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ അത് സാധിക്കാതെ പോയെന്നും പറയുകയാണ് സംവിധായകന്. ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രം ലിയോയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ തിരുമാനിച്ചിരുന്നു. 'മഫ്തി' എന്ന പേരിലാണ് ഞാന്‍ ആ കഥയെഴുതിയത്. ഒരു പോലീസുകാരന്റെ കഥ. അദ്ദേഹത്തിന്റെ യൂണിഫോമിന്റെ സൈസ് വലുതായതിനാല്‍ അത് ശരിയാക്കാന്‍ ഒരു തയ്യല്‍ക്കടയില്‍ പോയി രണ്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുന്നു. ആ രണ്ട് മണിക്കൂര്‍ സംഭവമാണ് സിനിമ. പക്ഷെ എന്റെ ഇപ്പോഴത്തെ സിനിമ തിരക്കുകള്‍ കാരണമാണ് അത് ചെയ്യാന്‍ സാധിക്കാത്തത്. അതുകൊണ്ട് ആ കഥ ഞാന്‍ എന്റെ സഹ സംവിധായകനെ ഏല്‍പ്പിച്ചു,' ലോകേഷ് പറഞ്ഞു.
ലോകേഷിന്റെ 'വിക്രം' സിനിമയിലെ ഫഹദിന്റെ എജന്റ് അമര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അതേസമയം, വിജയ് നായകനായ ലിയോ ഈ മാസം 19-ന് റിലീസിനൊരുങ്ങുകയാണ്. നാല് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 41 മില്യണ്‍ കാഴ്ച്ചാക്കാരാണ് വീഡിയോ കണ്ടിരിക്കുന്നത്. വലിയ പ്രതീക്ഷ നല്‍കുന്നതാണ് ട്രെയ്ലര് എന്നും റിലീസിനായി കാത്തിരിക്കുകയാണെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.






