തിരുവില്വാമല: പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കു സഹായം തേടി കുടുംബം. ഹൃദയത്തില്‍ ദ്വാരമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു പ്രസവിച്ചു മൂന്നുമാസത്തിനുശേഷവും ആശുപത്രിയില്‍ തുടരുകയാണ് മലേശമംഗലം ചോഴിയംകോട് കോളനിയിലെ സുകന്യ -വിഷ്ണുദാസ് ദമ്പതികള്‍. ജൂലൈ പത്തൊമ്പതിനാണ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ സുകന്യ കുഞ്ഞിനു ജന്മം നല്‍കിയത്.
മാസം തികയാതെയായിരുന്നു പ്രസവം. കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടില്ല. മൂന്നുലക്ഷത്തോളം രൂപ ആശുപത്രിയില്‍ അടയ്ക്കാനുണ്ട്. തുടര്‍ചികിത്സയ്ക്കും ആശുപത്രി ബില്ലിനുമുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബം. വിഷ്ണുദാസ് കൂലിവേല ചെയ്ത് കിട്ടുന്ന വരുമാനംകൊണ്ടാണ് ഭാര്യയും മൂന്നു കുട്ടികളും അമ്മയും സഹോദരങ്ങളുമടങ്ങുന്ന എട്ടംഗ കുടുംബം കഴിയുന്നത്. സുരക്ഷിതമല്ലാത്ത കൂരയിലാണ് ഇവരുടെ താമസം. ലൈഫ് പദ്ധതിയില്‍ വീടനുവദിച്ചെങ്കിലും തറയുടെ പണി മാത്രമാണ് പൂര്‍ത്തിയായത്. കുട്ടിയുടെ തുടര്‍ചികിത്സയും ജീവിതവും മുന്നോട്ടുകൊണ്ടുപോകണം. ബാങ്ക് അക്കൗണ്ട് നമ്പര്‍: എസ്.ബി.ഐ. 42269366138, ഐ.എഫ്.എസ്.സി. എസ്.ബി.ഐ.എന്‍. 0070294 08: 9656984332.





