
പ്രമുഖ മലയാള സിനിമാ നിർമ്മാതാവും മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടറുമായ പിവി ഗംഗാധരന് അന്തരിച്ച വാര്‍ത്ത സങ്കടത്തോടെയാണ് സിനിമാലോകം കേട്ടത്. അങ്ങാടി, അഹിംസ, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീരഗാഥ , എന്ന് സ്വന്തം ജാനകിക്കുട്ടി , വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ശാന്തം, യെസ് യുവർ ഓണർ, തുടങ്ങി ഇരുപതിലേറെ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച ഗംഗാധരനെ അനുസ്മരിക്കുകയാണ് സിനിമാലോകം. ഇപ്പോഴിതാ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജുവാര്യര്‍ തന്റെ സങ്കടം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുകയാണ്. തൂവല്ക്കൊട്ടാരമെന്ന സിനിമ ചെയ്തതിന്റെ സന്തോഷവും അതിലൂടെ കിട്ടിയ പരിഗണനയും താരം കുറിച്ചിട്ടുണ്ട്. ‘‘വിട...പ്രിയപ്പെട്ട പി.വി.ജി... ഒരുമിച്ച് ഒരു സിനിമയേ ചെയ്തുള്ളൂ. പക്ഷേ പേരു പോലെ തന്നെ അതെനിക്ക് സമ്മാനിച്ചത് എല്ലാക്കാലത്തേക്കുമുള്ള അടുപ്പത്തിന്റെ വലിയൊരു തൂവല്ക്കൊട്ടാരമാണ്. എല്ലാക്കാലവും എന്നെ കുടുംബാംഗത്തെപ്പോലെ കണ്ട, എന്നും കരുതല്‍ തന്ന പി.വി.ജിക്ക് ആദരാഞ്ജലി...’’ മഞ്ജുവാര്യര്‍ കുറിച്ചു.






