
ഉപയോക്താക്കള്‍ക്ക് സന്തോഷവുമായി ജനപ്രിയ മോഡലായ i20-ക്ക് ഹ്യുണ്ടായി കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ എട്ടിന് കിടിലന്‍ അപ്ഡേറ്റുകളോടെ വിപണിയില്‍ എത്തിയ i20 ഫെയ്സ്ലിഫ്റ്റിനും ഓഫര്‍ ഉണ്ട്. ഇന്ന് മൂന്നാംതലമുറ ആവര്‍ത്തനത്തില്‍ പുറത്തിറക്കുന്ന ഹ്യുണ്ടായി i20 ഹാച്ചിനാണ് കമ്പനി ഫെയ്സ്ലിഫ്റ്റ് മോഡലിനെ സമ്മാനിച്ചത്. അപ്ഡേറ്റുകളോടെ എത്തിയ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്ക് എറ, മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ, ആസ്റ്റ (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്.
പുതിയ ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റിന് ഇന്ത്യയില്‍ 6.99 ലക്ഷം രൂപ മുതല്‍ 11.01 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇപ്പോള്‍ വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ കാര്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ ഓഫര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. പുതിയ i20 ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറില്‍ ഇപ്പോള്‍ കാര്‍ സ്വന്തമാക്കാം. 10,000 രൂപ വരെയാണ് കാറിന് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
അതേസമയം i20 N ലൈനിന്റെ പ്രീ ഫെയ്സ്ലിഫ്റ്റ് പതിപ്പിന് ക്യാഷ് ഡിസ്കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ബോണസ് എന്നിവയുടെ രൂപത്തില്‍ വമ്പന്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം. പ്രീ-ഫെയ്സ്ലിഫ്റ്റഡ് i20 N ലൈന്‍ പതിപ്പിന് നിലവില്‍ 50,000 രൂപ വരെ ഓഫറുണ്ടെന്ന് കമ്പനി പറയുന്നു. പ്രീമിയം ഹാച്ച്ബാക്കിന്റെ സ്പോര്‍ട്സ് മാനുവല്‍ വേരിയന്റിന് 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ഉണ്ട്. i20 ഹാച്ചിന്റെ എല്ലാ ഡിസിടി ഓട്ടോമാറ്റിക് വേരിയന്റുകളിലും ഉപഭോക്താക്കള്‍ക്ക് 30,000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം പ്രീമിയം ഹാച്ച്ബാക്കിന്റെ മറ്റ് വേരിയന്റുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ 10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടായി സ്വന്തമാക്കാനാവും. 10,000 എക്സ്ചേഞ്ച് ബോണസും സ്വന്തമാക്കാനാവും.






