
ജീവിതത്തില്‍ ഏറെ പവിത്രതയോടെ കൊണ്ടുനടക്കണ്ട ഒന്നാണ് വിവാഹ ജീവിതം. എന്നാല്‍ പരസ്പരം ചേര്‍ന്നുപോകാന്‍ കഴിയില്ലെന്ന് തോന്നിക്കഴിഞ്ഞാല്‍ പലരും വിവാഹ മോചനം നേടാറുണ്ട്. കാരണം വിവാഹവും വിവാഹമോചനവുമെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്.
മാത്രമല്ല വിവാഹമോചനത്തിന് ഓരോരുത്തര്‍ക്കും പല പല കാരണങ്ങളാവും പറയാനുണ്ടാവുക. കേള്‍ക്കുമ്പോള്‍ വിചിത്രമാണെന്ന് തോന്നുമെങ്കിലും ഇതെല്ലാം തികച്ചും യാഥാര്‍ത്ഥ്യമാണ്. ഇപ്പോഴിതാ വിവാഹമോചനം തേടുമ്പോള്‍ ദമ്പതികള്‍ പറയുന്ന ചില 'വിചിത്ര'മായ കാരണങ്ങള്‍ അഭിഭാഷകയും കണ്ടന്റ് ക്രിയേറ്ററുമായ താനിയ കൗള്‍ പങ്കുവച്ചിരിക്കുകയാണ്.
ഹണിമൂണ്‍ കാലത്ത് ഭാര്യ 'അശ്ലീലമായ രീതിയില്‍' വസ്ത്രം ധരിച്ചു എന്നതാണത്രേ ഒരു യുവാവ് വിവാഹമോചനത്തിന് പറഞ്ഞ കാരണം. ഭര്‍ത്താവ് ഐഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്നും തനിക്ക് വേണ്ടത്ര സമയം നല്കിയില്ലെന്നുമായാരുന്നു ഒരു യുവതിയുടെ പരാതി. ഭര്‍ത്താവിന്റെ കാലില്‍ തൊടാന്‍ ഭാര്യ വിസമ്മതിച്ചു, ഭാര്യക്ക് പാചകം ചെയ്യാന്‍ അറിയില്ല, പ്രഭാത ഭക്ഷണം കഴിക്കാതെ ജോലിക്ക് പോകേണ്ടിവന്നു എന്ന് പറഞ്ഞ് വിവാഹമോചനം തേടിയ യുവാക്കളുമുണ്ടെന്ന് താനിയ വീഡിയോയില്‍ വെളിപ്പെടുത്തി.
എന്നാല്‍ ഏറെ വിചിത്രമായ കാരണങ്ങളില്‍ ഒന്നായിരുന്നു ഭര്‍ത്താവിന് സ്നേഹവും കരുതലും കൂടുതലാണെന്നും ഒരിക്കലും വഴക്കിടാറില്ലെന്നുമുള്ള ഒരു യുവതിയുടെ പരാതി. 2020 ല്‍ പുറത്തുവന്ന ഒരു കേസാണ് അഭിഭാഷക പരാമര്‍ശിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ത്രീ വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ചത് ഭര്‍ത്താവിന് സ്നേഹക്കൂടുതലാണ് എന്ന കാരണം പറഞ്ഞാണ്. 18 മാസത്തെ വിവാഹ ജീവിതത്തിനിടയില്‍ ഭര്‍ത്താവ് ഒരിക്കലും തന്നോട് വഴക്കിട്ടില്ലെന്നും വിവാഹമോചന ഹര്‍ജിയില്‍ യുവതി ചൂണ്ടിക്കാട്ടിയിരുന്നു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്. ഒരുപാട് ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റില്‍ കുറിച്ചു. ഇവരൊക്കെ എന്തിന് വിവാഹം കഴിക്കുന്നു, വിവാഹത്തിന് മുന്‍പ് കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണം, ചിലര്‍ വിവാഹമോചനത്തിന് മനപൂര്‍വ്വം കാരണം കണ്ടെത്തുകയാണ്, ഇതൊക്കെ കൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തത്, എന്നിങ്ങനെ വിമശനം ഉയര്‍ത്തുന്ന ഒട്ടനവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നെത്തുന്നത്.






