
പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'സലാറി'ന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വര്‍ദ്ധരാജ മന്നാര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ ജന്മദിനമായ ഇന്നലെ താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ടാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.
ഡിസംബര്‍ 22നാണ് ആഗോളതലത്തില്‍ ചിത്രം റിലീസിനെത്തുക. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. പൃഥ്വിരാജിന്റെ മാസ് ലുക്ക് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. സലാറിന്റെ ടീസര്‍ റെക്കോര്‍ഡ് കാഴ്ച്ചക്കാരാണ് കണ്ടത്. 12 വര്‍ഷത്തിന് ശേഷമാണ് പൃഥ്വിരാജ് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന് ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. ഹോംബാലെ ഫിലിംസിന്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.






