
വിടപറഞ്ഞ നടന് കുണ്ടറ ജോണിയെ അനുസ്മരിച്ച് മമ്മൂട്ടി. പ്രിയ സുഹൃത്ത് ജോണിയ്ക്ക് ആദരാഞ്ജലികളെന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര് നടന് ആദരാഞ്ജലികള്‍ നേര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നടന്റെ അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ജോണിയുടെ ആദ്യ ചിത്രം 1979ല്‍ പുറത്തിറങ്ങിയ നിത്യവസന്തം ആണ്. കിരീടം, ചെങ്കോല്‍, ആറാം തമ്പുരാന്, ഗോഡ്ഫാദര് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മേപ്പടിയാന് ആണ് അവസാന ചിത്രം.






