
തിരുവനന്തപുരം : ജനപ്രീയ സീരിയില്‍ സംവിധായകന് ആദിത്യന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 47 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്.
കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.
ടെലിവിഷൻ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ആദിത്യൻ. സാന്ത്വനത്തെ കൂടാതെ ആദിത്യൻ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയും ജനപ്രിയ പരമ്പരകളാണ്.
സിനിമാ- ടെലിവിഷൻ രംഗത്തെ പ്രമുഖരടക്കം ആദിത്യന്റെ ആകസ്മിക വേർപാടിന്റെ ഞെട്ടലിലാണ്. അദ്ദേഹം ഒരുക്കിയ പരമ്പരകളൊക്കെ എപ്പോഴും റേറ്റിംഗിലും മുന്നിലായിരുന്നു. നിരവധി ഹിറ്റ് സീരിയലുകളുണ്ട് ക്രെഡിറ്റില്‍. ചെയ്യാനിരിക്കുന്ന സിനിമയുടെ ആലോചനകളിലുമായിരുന്നു.






