
സ്റ്റാര്‍സിംഗര്‍ റിയാലിറ്റി ഷോയിലൂടെ തുടങ്ങി പിന്നീട് ഗായികയായി തിളങ്ങിയ താരമാണ് അമൃത സുരേഷ്. നടന് ബാലയുമായുള്ള വിവാഹവും പിന്നീടുള്ള വിവാഹമോചനവുമൊക്കെ താരത്തെ കൂടുതല്‍ വാര്‍ത്താപ്രാധാന്യമുള്ള താരമാക്കി മാറ്റി. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം. മകള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത. സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന ബാന്‍ഡ് തുടങ്ങിയപ്പോള്‍ ആരാധകരത് ആവേശത്തോടെ സ്വീകരിച്ചു. അതിനിടെയാണ് സംഗീതസംവിധായകന് ഗോപിസുന്ദറിനൊപ്പം ജീവിക്കാന്‍ തുടങ്ങിയെന്ന സന്തോഷം അമൃത ആരാധകരുമായി പങ്കിട്ടത്. മുമ്പു തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്ന താരം പിന്നീട് ഗോപിസുന്ദറിനൊപ്പമുള്ള പ്രണയചിത്രങ്ങളും മകള്‍ കൂടിച്ചേര്‍ന്നുള്ള വെക്കേഷന് ചിത്രങ്ങളും പങ്കിട്ടിരുന്നു. സംഗീതം, സ്റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാര്‍, യാത്രകള്‍ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകര്‍ അറിയാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുള്ള താരം എല്ലാത്തിനുമൊപ്പം തന്നെ ആത്മീയതയ്ക്കും വളരെ പ്രാധാന്യം നല്‍കുന്നയാളാണ്. സമയം കിട്ടുമ്പോഴെല്ലാം അത്തരം യാത്രകളും താരം നടത്താറുണ്ട്. ഇപ്പോഴിതാ അത്തരമൊരു യാത്രയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം. ഹൈദരാബാദ് യാത്രയുടെ വിശേഷങ്ങളാണ് താരത്തിന്റെ ചിത്രങ്ങളില്‍. ഹൈദരാബാദിലെ അതിപ്രശസ്തമായ സമത മൂര്‍ത്തീ ശില്പം സ്ഥിതി ചെയ്യുന്നിടത്ത് നിന്നാണ് അമൃതയുടെ ചിത്രങ്ങള്‍. ഇരിക്കുന്ന രൂപത്തിലെ ലോകത്തെ തന്നെ രണ്ടാമത് വലിയ ശില്പമാണിത്. ഇവിടെ നിന്ന് വിവിധ ആംഗിളുകളിലെ ചിത്രങ്ങള്‍ അമൃത പങ്കുവച്ചിട്ടുണ്ട്. അവിടുത്തെ പ്രസാദം കൈയില്‍ പിടിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയും കാണാം. കറുപ്പ് നിറത്തിലെ ടോപ്പും, പാന്റ്സും, ഷൂവുമാണ് വേഷം. നെറ്റിയില്‍ നീളത്തില്‍ വരച്ച ഗോപി കുറിയുമുണ്ട്. മോഡേണ്‍ വേഷത്തിലാണെങ്കിലും യാത്രാ ലക്ഷ്യം ആത്മീയത തന്നെയാണെന്നാണ് സൂചന.
അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് ആരാധകര്‍ നേരിട്ടറിഞ്ഞതാണ്. അടുത്തിടെ ഗോപിസുന്ദറും അമൃതയും പിരിഞ്ഞെന്ന നിലയിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇവര്‍ ഒരുമിച്ചുള്ള യാത്രകളും ചിത്രങ്ങളും കാണാതായതോടെയാണ് ഇങ്ങനെ ആരാധകര്‍ പറഞ്ഞു തുടങ്ങിയത്. ഇതിനെക്കുറിച്ച് രണ്ടുപേരും ഇതുവരെ ഒരു പരാമര്‍ശങ്ങളും നടത്തിയിട്ടില്ല. ഏതായാലും അമൃതയുടെ ഹൈദരാബാദ് യാത്രയുടെ ചിത്രങ്ങള്‍ കൂടി വന്നതോടെ താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പരിഹാസ കമന്റുകളടക്കം ചിത്രത്തിന്റെ താഴെ വരുന്നുണ്ട്. സെല്‍ഫി ചിത്രങ്ങളായതു കൊണ്ട് താരത്തിന്റെ യാത്ര ഒറ്റയ്ക്കാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്. ‘ഇനിയിപ്പോ സന്യാസമാ നല്ലത്’ എന്നാണ് ഒരാള്‍ ചിത്രത്തിന്റെ താഴെ കമന്റ് ചെയ്തപ്പോള്‍ അമൃതയുടെ ഹൈ ഫൈവ് ഇമോജി മറുപടിയായി നല്കി. നെഗറ്റീവ് എന്ന് തോന്നുന്ന കമന്റിന് പോസിറ്റീവായി അമൃത മറുപടി നല്‍കിയത് ശ്രദ്ധ നേടിയിട്ടുണ്ട്. താൻ ഈ യാത്ര ആസ്വദിക്കുന്നു എന്നാണ് ആ ഇമോജിയിലൂടെ താരം വ്യക്തമാക്കിയതെന്നാണ് ആരാധകര്‍ കരുതുന്നത്. അതേസമയം അമൃതയുടെ നെറ്റിയിലെ കുറിയും ചിലര്‍ പരിഹസിക്കാനായി ഉപയോഗിച്ചിട്ടുണ്ട്. 'ഗോപി തൊട്ടിട്ടുണ്ടല്ലോ, നല്ല ഗോപിയാണ്' എന്നൊക്കെയാണ് കമന്റുകള്‍.
നേരത്തെ ഇഷാ ഫൗണ്ടേഷന്റെ ഇഷാ യോഗാ കേന്ദ്രത്തില്‍ ദര്‍ശനം നടത്തിയ പോസ്റ്റും അമൃത പങ്കുവെച്ചിരുന്നു. ഇവിടുത്തെ പ്രശസ്തമായ ആദിയോഗി ശില്പം സന്ദര്‍ശിക്കുന്ന വീഡിയോയും ഉണ്ടായിരുന്നു. അടുത്തിടെ മകള്‍ പാപ്പുവിനൊപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ അമൃത പങ്കുവെച്ചിരുന്നു. സഹോദരിമാര്‍ ഒരുമിച്ച് തുടങ്ങിയ അമൃതം ഗമയ എന്ന ബാൻഡും അതിന്റെ പരിപാടികളുമായി തിരക്കിലാണ് അമൃത.






