വാഷിംഗ്ടണ്‍: പാകിസ്താന്റെ മിസൈല്‍ പദ്ധതിക്ക് ബാലിസ്റ്റിക് സാങ്കേതിക വിദ്യ കൈമാറിയതിന്റെ പേരില്‍ മൂന്ന് ചൈനീസ് കേന്ദ്രീകൃത കമ്പനികള്‍ക്ക് അമേരിക്കയുടെ ഉപരോധം. അണ്വായുധ നിര്‍വ്യാപനത്തിന്റെ ഭാഗമായാണ് ഉപരോധമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
ജനറല്‍ ടെക്നോളജീസ് ലിമിറ്റഡ്, ബീജിംഗ് ലുവോ ലുവോ ടെക്നോളജീസ് ഡിവലപ്മെന്റ് കോ ലിമിറ്റഡ്, ചാങ്ഴൂ യുടെക് കോംപോസിറ്റ് കമ്പനി ലിമിറ്റഡ് എന്നിവയ്ക്കാണ് ഉപരോധം. ചൈനയുടെ എക്കാലത്തേയും വലിയ കൂട്ടാളിയായ പാകിസ്താന് സൈനിക ആധുനിക വത്കരണത്തിന്റെ ഭാഗമായി ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും പ്രധാനമായും കൈമാറുന്നത് ചൈനയാണ്.
ബാലിസ്റ്റിക് മിസൈല്‍ റോക്കറ്റ് എന്‍ജിനുകളില്‍ ഉപയോഗിക്കുന്ന കൂട്ടിയോജിപ്പിക്കുന്ന ഘടകവസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് ജനറല്‍ ടെക്നോളജീ ലിമിറ്റഡ്. മിസൈല്‍ ടെക്നോളജി കണ്ട്രോള് റെജീമിനാല് നിയന്ത്രിക്കുന്ന സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോഴ്സിന്റെ ഉത്പാദനത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും വിതരണം ചെയ്യുന്ന കമ്പനിയാണ് ലുവോ ലുവോ ടെക്നോളജി ഡവലമെന്റ്. മിസൈല്‍ സംവിധാനത്തില്‍ ഉപയോഗിക്കുന്ന ഡി-ഗ്ലാസ് ഗ്ലാസ് ഫൈബര്‍, ക്വാര്‍ട്സ് ഫാബ്രിക്, ഹൈ സിലിക്ക ക്ലോത്ത് എന്നിവ വിതരണം ചെയ്യുന്ന കമ്പനിയാണ് ചാങ്ഴൂ യുടെക് കോംപോസിറ്റ്.






