
ലോക്കല് ട്രെയിനിലെ ലേഡീസ് കോച്ചില് യുവാവ് പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ചതായി ആരോപണം. മുംബൈ ലോക്കല് ട്രെയിനിലാണ് സംഭവം. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നത്. ലേഡീസ് കോച്ചില് കയറിയ യുവാവ് ഇടയ്ക്കിടയ്ക്ക് കയ്യില് കരുതിയ തൂവാല മുഖത്തോടടുപ്പിച്ച് മണക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില് കാണുന്നത്. തുണിയില് നിന്ന് മയക്കുമരുന്ന് ശ്വസിക്കുന്നതാണ് ഇയാള് എന്നാണ് ആരോപണം.
ബുധനാഴ്ച വൈകുന്നേരം സമൃദ്ധി താക്കറെ എന്ന എക്സ് ഉപഭോക്തവാണ് വീഡിയോ പങ്കുവച്ചത്. ബന്ധപ്പെട്ട അധികാരികള് വിഷയം ഗൗരവമായി എടുക്കണമെന്നും വേണ്ട നടപടികള് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അവര് പോസ്റ്റ് ഷെയര് ചെയ്തത്.
'സിസ്റ്റം മാറ്റേണ്ടതുണ്ട്, റെയില്വേ മന്ത്രാലയം, മഹാരാഷ്ട്ര സര്ക്കാര്, മുംബൈ പോലീസ് എന്നിവരുടെ ശ്രദ്ധയ്ക്ക്' എന്നും അവര് പോസ്റ്റില് കുറിച്ചിരുന്നു. ഈ പോസ്റ്റ് ഓണ്ലൈന് ഉപയോക്താക്കളുടെ മാത്രമല്ല നിരവധി രാഷ്ട്രീയക്കാരുടെയും നിയമപാലകരുടെയും ശ്രദ്ധയിലും പെട്ടു കഴിഞ്ഞു. വീഡിയോയ്ക്ക് മറുപടിയായി, ഔദ്യോഗിക സെന്ട്രല് റെയില്വേ ഹാന്ഡില് ഡിവിഷണല് റെയില്വേ മാനേജരോട് വിഷയം പരിഗണിക്കാന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു.
വീഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതിനെല്ലാം പുറമേ ലോക്സഭാ എംപിയും എന്സിപിയുടെ വര്ക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലെയും വൈറല് വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്. സംഭവം ആശങ്കാജനകമാണെന്നും ഒരേസമയം സ്ത്രീ സുരക്ഷയേയും ചെറുപ്പക്കാര്ക്കിടയില് വര്ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങള് ഉയര്ത്തുന്നതാണന്നും അവര് വ്യാക്തമാക്കി.







Comments