
ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന കൗതുകമുണര്‍ത്തുന്നതും ഞെട്ടിക്കുന്നതുമായ ഒട്ടനവധി സംഭവങ്ങളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഇപ്പോഴിതാ ചൈനയില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. എന്താണന്നല്ലേ? ചൈനയിലെ ഒരു ബിയര്‍ കമ്പനി വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയാണ്. കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ബിയറുണ്ടാക്കാനുള്ള സാധനങ്ങളില്‍ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിച്ചരിച്ചിരിക്കുകയാണ്. ഈ ആഴ്ച ആദ്യമാണ് അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
സിങ്ടോ ബ്രൂവറി കമ്പനി വെയര്‍ഹൗസിലെ ഫാക്ടറി തൊഴിലാളിയാണ് ഒരു വലിയ കണ്ടെയ്നറിലേക്ക് മൂത്രമൊഴിച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ചൈനയിലെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. വെയ്ബോയില് ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.
വീഡിയോ വൈറലായതോടെ കമ്പനി തങ്ങളുടെ നിലപാട് അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നു. പോലീസില്‍ സംഭവം അറിയിച്ചിട്ടുണ്ട് എന്നും അന്വേഷണം നടക്കുകയാണ് എന്നുമാണ് കമ്പനി പറയുന്നത്. പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയ്ക്ക് ഞങ്ങളുടെ കമ്പനി വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഞങ്ങള്‍ സംഭവം പോലീസിനെ ആദ്യം തന്നെ അറിയിച്ചിട്ടുണ്ട്. പൊതു സുരക്ഷാ സംഘടനകളും അന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. സംശയം തോന്നിയ മാള്‍ട്ട് പൂര്‍ണമായും അടച്ചു വച്ചിരിക്കുകയാണ്. തങ്ങളുടെ മാനേജ്മെന്റിനെ ശക്തിപ്പെടുത്തുകയും ഉത്പന്നത്തിന്റെ ഗുണം ഉറപ്പിക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. പ്രത്യേകിച്ചും ബിയര്‍ പ്രേമികള്‍ക്ക് സംഭവം വിശ്വസിക്കാന്‍ സാധിച്ചില്ല. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം എന്നും ഇങ്ങനെയാണ് എങ്കില്‍ എങ്ങനെ വിശ്വസിച്ച് ബിയര്‍ കഴിക്കുമെന്നും ആളുകള്‍ കമന്റ് ചെയ്തു. ഒപ്പം, അന്വേഷണം നടക്കട്ടെ എത്രയും പെട്ടെന്ന് ഇത് ചെയ്തയാളെ നിയമത്തിന് മുന്നിലെത്തിക്കണം എന്നുമാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.






