
ഫ്ലോറിഡയിലെ ഒരു വീട്ടില്‍ നിന്നും കാണാതായ ആമയെ നീണ്ട മൂന്നര വര്‍ഷങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. വീട്ടില്‍ നിന്നും അഞ്ച് മൈല്‍ അകലെയാണ് ഫ്ലോറിഡ ഷെരീഫ് ഡെപ്യൂട്ടി ഉദ്യോഗസ്ഥര്‍ ആമയെ കണ്ടെത്തിയത്. ഇന്റര്ലാച്ചനിലെ ഒരു വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ഈ ആമ ആഫ്രിക്കന്‍ സള്ക്കാറ്റ ഇനത്തില്‍പ്പെട്ടതാണ്.
മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പെട്ടെന്നൊരു ദിവസം ആമയെ കാണാതാവുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നിരവധി ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു എങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ യാദൃശ്ചികമായി ഷെരീഫ് ഡെപ്യൂട്ടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഈ ആമ പെടുകയായിരുന്നു.ആളുകളെ ഇഷ്ടപ്പെടുകയും അടുത്ത് ഇടപഴകുകയും ചെയ്ത ആമ തീര്‍ച്ചയായും ആരെങ്കിലും വീട്ടില്‍ വളര്‍ത്തിയത് ആയിരിക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ ആമയുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഇത് ശ്രദ്ധയില്‍പ്പെട്ട വിദേശ മൃഗങ്ങളുടെ അഭയകേന്ദ്രമായ ഫ്ലോറിഡയിലെ വൈല്‍ഡസ്റ്റ് ആനിമല്‍ റെസ്ക്യൂ 2020 ല്‍ ഇതേ പ്രദേശത്തു നിന്നും സള്ക്കാറ്റ ഇനത്തില്‍പ്പെട്ട ഒരു ആമയെ കാണാതായിരുന്നു എന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആമയെ റെസ്ക്യൂ ടീമിന് കൈമാറി.
ആമ സുഖമായിരിക്കുന്നതായും ചെറിയ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വൈദ്യസഹായം തേടിയിട്ടുണ്ടെന്നും റെസ്ക്യൂ ടീം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. തുടര്‍ന്ന് ഈ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട ആമയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ എത്തുകയും റെസ്ക്യൂ ടീം ആമയെ അവര്‍ക്ക് കൈമാറുകയും ചെയ്തു.






