എത്രയോ പാചക വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത്. ചിലര്‍ പാചക പരീക്ഷണങ്ങള്‍ നടത്താനും മറക്കാറില്ല. വിചിത്രമായ പാചക പരീക്ഷണങ്ങളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇപ്പോളിതാ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് അത്തരത്തിലുള്ള ഒരു വിചിത്രമായ പാചക വീഡിയോയാണ്.
മോമോസ് എന്ന വിഭവത്തെ കുറിച്ച് നിങ്ങളെല്ലാം കേട്ടിരിക്കും. പലരും ഇത് കഴിച്ചിരിക്കും. ആവിയില്‍ വേവിക്കുന്നൊരു വിഭവമാണിത്. നേപ്പാളി- ടിബറ്റന്‍ തനത് വിഭവം കൂടിയാണ് മോമോസ്. ഇപ്പോള്‍ കേരളത്തിലും മോമോസ് ലഭ്യമാണ്. മോമോസുകള്‍ മാത്രം വില്‍ക്കുന്ന കടകള്‍ പോലുമുണ്ട്. എന്നാല്‍ ഈ മോമോസ് ചേര്‍ത്തു തയ്യാറാക്കുന്ന ചായ ആണ് ഈ വീഡിയോയില്‍ കാണുന്നത്. മുബൈയില്‍ നിന്നുള്ളൊരു ഫുഡ് വ്ളോഗറാണ് ഈ റെസിപി പരീക്ഷിക്കുന്നത്. ചായ തിളപ്പിച്ച ശേഷം ഇതിലേക്ക് മോമോസും ഷെസ്വാന് ചട്ണിയും മയൊണൈസുമെല്ലാം ചേര്‍ത്താണ് സംഗതി തയ്യാറാക്കുന്നത്.
എന്നാല്‍ ഇത് കണ്ടുനില്ക്കാന് പോലുമാകുന്നില്ലെന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെട്ടത്.വ്ളോഗര്‍ പക്ഷേ ചായയൊക്കെ ഗംഭീരമായി തയ്യാറാക്കിയെങ്കിലും ഇത് വായില്‍ വയ്ക്കാന്‍ കൊള്ളില്ലെന്ന് തന്നെയാണ് വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നത്. അതേസമയം ഇങ്ങനെ 'വൃത്തികെട്ട' രീതിയില്‍ പാചക പരീക്ഷണങ്ങള്‍ നടത്തുന്നത് എന്തിനാണെന്നും ഇത് കാണുന്നവര്‍ക്കാണ് അതിന്റെ അസ്വസ്ഥതയെന്നുമെല്ലാം ചൂണ്ടിക്കാട്ടി നിരവധി നെഗറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.






