
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിലെ താരം കണ്ണാടിക്ക് മുന്പില് പെട്ടുപോയ ഒരു പൂച്ചയാണ്. തന്റെ ചെവികണ്ട് കണ്ണാടിയില്‍ അമ്പരക്കുന്ന പൂച്ചയുടെ പിന്നീടുള്ള ഭാവപ്രകടനങ്ങള്‍ ആരുടെ മുഖത്തും ചിരിപടര്‍ത്തുന്നതാണ്.
'ഒരു പൂച്ച തന്റെ ചെവികള്‍ ആദ്യമായി കണ്ടപ്പോള്‍' എന്ന തലക്കെട്ടോടെയൊണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ വീട്ടിലെ കട്ടിലില്‍ വെറുതെയിരിക്കുന്ന ഒരു പൂച്ചയെയാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ പെട്ടെന്ന് അതിന്റെ ശ്രദ്ധ തന്റെ മുന്‍പിലുള്ള ഒരു കണ്ണാടിയില്‍ പതിയുന്നു.
കാരണം മറ്റൊന്നുമല്ല കണ്ണാടിയില്‍ അതാ താന്‍ ഇതുവരെ കാണാത്ത കാഴ്ച. കട്ടിലില്‍ ഇരുന്നുകൊണ്ട് കണ്ണാടിയിലേക്ക് നോക്കിയതിനാല്‍ പൂച്ചയ്ക്ക് അപ്പോള്‍ അതിന്റെ ചെവിയുടെ അഗ്രഭാഗങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാൽ, അത് എന്താണെന്ന് ഒരു പിടുത്തവും കിട്ടാതെ വന്നതോടെ കക്ഷി കട്ടിലില്‍ എഴുന്നേറ്റ് നിന്ന് കണ്ണാടിയിലേക്ക് നോക്കുന്നു.
എന്താണെന്ന് ഉറപ്പിക്കാന്‍ തലയുടെ മുകളില്‍ പരിശോധിക്കുന്നു. എന്നിട്ടും സംശയം തീരാത്തതിനാല്‍ ഇരുന്നു കിടന്നും ചെരിഞ്ഞുമെല്ലാ ഇദ്ദേഹം കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കുന്നു. ഇങ്ങനെ പരിഭ്രമിച്ചും അമ്പരന്നുമൊക്കെ കണ്ണാടിയിലെ തന്റെ പ്രതിബിംബം നോക്കുന്ന പൂച്ചയാണ് വീഡിയോയില്‍.






