
ഈ മാസം ഷൂട്ടിംഗ് ആരംഭിച്ച മലയാള ചിത്രം L2 എമ്പുരാന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഷെഡ്യൂള്‍ റാപ്പ് കഴിഞ്ഞ ശേഷമുള്ള ചിത്രം പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. 2019ലെ ലൂസിഫര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്. മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രമാണിത്.
ലഡാക്കിലാണ് ആദ്യ ഷെഡ്യൂളിന്റെ പൂര്‍ത്തീകരണം. പൃഥ്വിരാജ് മൂന്നാമത് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. സായിദ് മസൂദ് എന്ന കഥാപാത്രമാണ് പൃഥ്വിരാജിന്റേത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് അറിയിച്ചത്.
മൂന്നു ചിത്രങ്ങള്‍ ചേര്‍ന്ന ഒരു ട്രൈലജിയായിട്ടാവും 'എമ്പുരാന്' തയ്യാറാവുക എന്ന് റിപോര്‍ട്ടുണ്ട്. സ്റ്റീഫന്‍ നെടുമ്പള്ളി അഥവാ ഖുറേഷി അബ്രാം എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥാവികസനം. എല്‍ 2 എമ്പുരാന്റെ രണ്ടാം ഷെഡ്യൂള്‍ 2024 ജനുവരിയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ചിത്രം 2024 അവസാനമോ 2025 ന്റെ തുടക്കമോ പ്രദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, സായ് കുമാര്‍, ബൈജു സന്തോഷ്, ശിവജി ഗുരുവായൂര്‍ തുടങ്ങി ലൂസിഫറിന്റെ ഭാഗമായിരുന്ന മറ്റ് പ്രമുഖ താരങ്ങള്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കും. ദീപക് ദേവ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരും സുബാസ്കരനും ചേര്‍ന്നാണ്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും സിനിമയുമായി ബന്ധപ്പെട്ട പ്രശസ്ത ബാനറുകളാണ്.
'






