
പുതുപുത്തന്‍ കാര്‍ണിവലിനെ രംഗത്തിറക്കിയിരിക്കുകയാണ് കിയ. ഏറ്റവും പുതിയ തലമുറ മോഡല്‍ ആഗോളതലത്തില്‍ വില്‍പ്പനയ്ക്കെത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും എംപിവിയെ അടിമുടി മാറ്റങ്ങളോടെ വിപണിയില്‍ എത്തിച്ചിരിയ്ക്കുന്നത്. ഇപ്പോള്‍ ആഗോള വിപണിക്കായാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. 2024 കിയ കാര്‍ണിവലിന്റെ ഡിസൈനിലേക്ക് വന്നാല്‍ ബ്രാന്‍ഡിന്റെ പുത്തന്‍ ആഗോള ഡിസൈന്‍ ശൈലി തന്നെയാണ് എംപിവിയുടെ ഏറ്റവും പുതിയ ആവര്‍ത്തനവും പിന്തുടര്ന്നിരിക്കുന്നത്.
പുതിയ സിഗ്നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ ഡിസൈനൊപ്പം ഹെഡ്ലൈറ്റിന്റെ ആകൃതിയിലും മാറ്റമുണ്ടായിട്ടുണ്ട്. പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ക്കും സമാനമായ സ്റ്റൈലിംഗാണ് കിയ പിന്തുടര്ന്നിരിക്കുന്നത്. വ്യത്യസ്തമായ ഗ്രില്‍ ഇന്‍സെര്‍ട്ടുകളും ഓള്-ബ്ലാക്ക് അലോയ് വീലുകളും എംപിവിയുടെ സ്പോട്ടിനെസ് എടുത്തുകാണിക്കുന്ന വിഷയങ്ങളാണ്. പുതുക്കിയ ഫ്രണ്ട് എന്‍ഡില്‍ ലംബമായി അടുക്കിയിരിക്കുന്ന ഇന്‍സെര്‍ട്ടുകള്‍, ഇന്‍വേര്‍ട്ടഡ് L-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എലുകള്‍, നാല് ബീമുകളുള്ള ലംബമായി അടുക്കിയ ഹെഡ്ലാമ്പുകള്‍ എന്നിവയെല്ലാം വാഹനത്തിന്റെ ഭാവം തന്നെ മാറ്റിമറിച്ചു
സോറന്റോയ്ക്ക് സമാനമായ രീതിയില്‍ 2024 മോഡല്‍ 1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന് ഓപ്ഷനില്‍ ലഭ്യമാകും. അതേസമയം 2.2 ലിറ്റര്‍ ഡീസലും 3.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റുകളും കമ്പനി മുന്നോട്ടു കൊണ്ടു പോവും. ഇന്ത്യയിലെത്തുമ്പോള്‍ ഇത് പരിചിതമായ 2.2 ലിറ്റര്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് തന്നെയായിരിക്കും ഉപയോഗിക്കുക. ഇത് പരമാവധി 200 bhp കരുത്തില്‍ 400 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാവും എഞ്ചിന് സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിക്കുക.
ഏറ്റവും പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ മൂന്നാം തലമുറ കിയ കാര്‍ണിവല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിര്‍ത്തലാക്കിയിരുന്നു. മൂന്ന് വേരിയന്റുകളില്‍ എത്തിയിരുന്ന ഈ വാഹനത്തിന് 30.97 ലക്ഷം രൂപ മുതല്‍ 35.48 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില. പുതുതലമുറ മോഡല്‍ എത്തുന്നതോടെ ഈ വിലയില്‍ കാര്യമായ മാറ്റമുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.






