
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടനാണ് സത്യരാജ്. രാജമൗലി സംവിധാനം ചെയ്ത ' ബാഹുബലി' യില്‍ കട്ടപ്പ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സത്യരാജ് കൂടുതല്‍ ആരാധകരെ സ്വന്തമാക്കി.
ഇപ്പോഴിതാ ബാഹുബലി എന്ന സിനിമയ്ക്ക് മുന്‍പും ശേഷവും തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സത്യരാജ്. ബാഹുബലിക്ക് ശേഷം തന്റെ പ്രതിഫലത്തില്‍ കാര്യമായ മാറ്റം സംഭവിച്ചുവെന്നും ഇന്ത്യയൊട്ടാകെ തന്നെ തിരിച്ചറിയുന്നുണ്ടെന്നും സത്യരാജ് പറയുന്നു. ഒരു മഖധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സത്യരാജ് കട്ടപ്പയെ കുറിച്ച് മനസുതുറന്നത്.
''കട്ടപ്പയ്ക്കുശേഷം എന്റെ പ്രതിഫലം കൂടി എന്നതുതന്നെയാണ് പ്രധാനമാറ്റം. ബാഹുബലിക്ക് മുമ്പും തിരക്കുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യയൊന്നാകെ തിരിച്ചറിഞ്ഞത് കട്ടപ്പയ്ക്ക് ശേഷമാണ്. അതിനുമുമ്പ് തമിഴ്നാട്ടിലും കേരളത്തിലും പിന്നെ കര്‍ണാടകയുടെ ഒരുഭാഗത്തും മാത്രമായിരുന്നു എന്നെ അറിയുക. എന്നാല്‍, ബാഹുബലി വന്നതോടെ കഥയാകെ മാറി. ഈയിടെ ഞാന്‍ ഫിജി ദ്വീപില്‍ ഒരു സിനിമാ ഷൂട്ടിന് പോയിരുന്നു. അവിടെ എന്നെയാരും തിരിച്ചറിയില്ല എന്നായിരുന്നു എന്റെ ധാരണ.
എന്നാല്‍, അതെല്ലാം തെറ്റി. അവിടെ കണ്ടവരെല്ലാം എന്നെ ''കട്ടപ്പാ'' എന്ന് വിളിച്ചായിരുന്നു വരവേറ്റത്. ഒരുദിവസം രാജമൗലി എനിക്കൊരു വീഡിയോ അയച്ചു. പാകിസ്താനില്‍ നിന്നാണെന്നു തോന്നുന്നു. ബാഹുബലിയില്‍ ആരെയാണ് ഇഷ്ടമെന്ന് ആളുകളോട് ചോദിക്കുന്നതാണ് വീഡിയോ. അവിടെയുള്ള എല്ലാവരും ഒറ്റസ്വരത്തില്‍ 'കട്ടപ്പ' എന്നാണ് മറുപടി നല്‍കുന്നത്. കട്ടപ്പ എന്ന പേരുതന്നെ വ്യത്യസ്തമാണ്. അതു പോലെ കട്ടപ്പയുടെ വേഷവും സ്റ്റൈലുമെല്ലാം. ഇതൊക്കെയാവും ആളുകള്‍ക്ക് കട്ടപ്പയോട് ഇഷ്ടം തോന്നാനുള്ള കാരണം.'', സത്യരാജ് പറയുന്നു.






