
കായിക പ്രേമികൾ ആഘോഷമാക്കിയ പ്രണയവും വിവാഹവും ആയിരുന്നു ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും തമ്മിലുള്ളത്. ഇവരുടെ പ്രണയചിത്രങ്ങൾ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തതാണ്. എന്നാൽ അടുത്തിടെയായി ഇവർ വിവാഹ മോചിതരാകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കേൾക്കുന്നു. ഇരുവരും ഇപ്പോള്‍ താമസം ഒരുമിച്ചല്ലെന്നും മകൻ ഇസ്ഹാൻ മിര്‍സ മാലിക്കിന് വേണ്ടിയാണ് കൂടിക്കാഴ്ച്ചകളെന്നും കേട്ടിരുന്നു. ഇപ്പോഴിതാ മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാൻ ഇരുവരും ഒന്നിച്ചിരിക്കുകയാണ്. ദുബായില്‍ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഷുഐബ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചു. പിറന്നാള്‍ കേക്കിനൊപ്പം ഷുഐബും ഇസ്ഹാനും നില്‍ക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. എന്നാൽ ആ ചിത്രങ്ങളിൽ നിന്ന് മനഃപൂർവ്വമായി സാനിയ ഒഴിഞ്ഞു നിൽക്കുന്നത് കാണാം. സഹോദരി അനം മിര്‍സയുടെ മകള്‍ ദുഅയെ എടുത്തുനില്‍ക്കുന്ന സാനിയയെ ആണ് ചിത്രങ്ങളിൽ കാണുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്നതിന്റെ ശുഭസൂചനയാണോ ഇതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും സാനിയയും ഷുഐബും ഒരുമിച്ച് പോസ് ചെയ്തിട്ടില്ലെന്നും ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നതാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്നും ചില ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഇൻസ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ കുറിപ്പാണ് സാനിയ മകന് പിറന്നാള്‍ ആശംസ നേര്‍ന്ന് പങ്കുവച്ചിരിക്കുന്നത്. "നിന്റെ ചിരി തന്റെ ചുറ്റുമുള്ള ഇരുട്ടിനെ മായ്ച്ചുകളയും. ഉപാധികളില്ലാത്ത സ്നേഹം എന്താണെന്ന് കാണിച്ചുതന്നതിന് ഒരുപാട് നന്ദി..." കുറിപ്പിനൊപ്പം പിറന്നാളാഘോഷത്തിനിടെ എടുത്ത കുടുംബ ചിത്രങ്ങളും സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിലും ഷുഐബ് ഇല്ലെന്നുള്ളത് ആരാധകർ കണ്ടെത്തിയിട്ടുണ്ട്.
2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. മകൻ ഇസ്ഹാൻ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍ ആഘോഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷുഐബ് മാത്രമാണ് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ സാനിയക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഷുഐബ് പോസ്റ്റ് പങ്കുവെച്ചിരുന്നു. സാനിയ ടെന്നീസില്‍ നിന്ന് വിരമിച്ചപ്പോഴും പാക് താരം ആശംസ നേര്‍ന്നിരുന്നു. എന്നാല്‍ ഇതിനോടൊന്നും സാനിയ പ്രതികരിച്ചിരുന്നില്ല. വിരമിച്ചതിനു ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ കുടുംബാംഗങ്ങളെ പരമാര്ശിച്ചപ്പോഴും ഷുഐബിന്റെ പേര് സാനിയ പറഞ്ഞിരുന്നില്ല.



