
നൂറു കോടി ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കി മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ്. അഞ്ച് ആഴ്ചകളോളം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിക്കൊണ്ടാണ് കണ്ണൂര്‍ സ്ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രം 100 കോടിയിലെത്തിയെന്ന് മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ചിത്രം നൂറു കോടിയില്‍ എത്തിയെന്നും കണ്ണൂര്‍ സ്ക്വാഡിനെ ഹൃദയത്തോട് ചേര്‍ത്തു വച്ച പ്രേക്ഷകരോട് നന്ദിയെന്നും മമ്മൂട്ടി കമ്പനി അറിയിച്ചത്.
'ഞങ്ങളുടെ കണ്ണൂര്‍ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഇത് പ്രേക്ഷകരെ അറിയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രേരകശക്തിയായ നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക്, ഞങ്ങളെ അതിശയിപ്പിച്ച പ്രേക്ഷകര്‍ക്ക് ഹൃദയംഗമമായ നന്ദി', മമ്മൂട്ടി കമ്പനി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, മലയാള സിനിമയില്‍ ഈ അടുത്ത കാലത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ സിനിമയാണ് മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്ക്വാഡ്.
പുതുമുഖ സംവിധായകനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മമ്മൂട്ടിയ്ക്കൊപ്പം വിജയരാഘവന്, റോണി ഡേവിഡ്, മനോജ് കെയു, അസീസ് നെടുമങ്ങാട്, ദീപക് തുടങ്ങി നിരവധി പേര് അഭിനയിച്ച ചിത്രം സെപ്റ്റംബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. ആദ്യ വാരം തന്നെ പോസിറ്റിവ് റിവ്യൂ ലഭിച്ച ചിത്രം ഇപ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും പ്രദര്‍ശനം തുടരുന്നുണ്ട്.






