
സോള്‍: ഇരുമ്പുമറയും രഹസ്യസ്വഭാവവും വിചിത്രരീതികളും കൊണ്ട് ലോകത്തില്‍ നിന്നും ഒളിച്ചു കഴിയുന്ന വടക്കന്‍ കൊറിയ സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് വിവിധരാജ്യങ്ങളിലെ തങ്ങളുടെ എംബസികള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. സ്പെയിനും ഹോങ്കോംഗും ചില ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ഓഫീസുകളാണ് പൂട്ടുന്നത്. ലോകത്തുടനീളമുള്ള അനേകം രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങള്‍ക്ക് വലിയ പ്രശ്നം നേരിടുമെന്നിരിക്കെ ഇതിന്റെ കാരണം അറിയാതെ കുഴങ്ങുകയാണ് മറ്റ് രാജ്യങ്ങള്‍.
കഴിഞ്ഞയാഴ്ചയാണ് വടക്കന്‍ കൊറിയയിലെ മാധ്യമങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളോട് വിട പറയുന്നതായി വാര്‍ത്ത പുറത്തുവിട്ടത്. ഉഗാണ്ടയിലെയും അംഗോളയിലെയും എംബിസികള്‍ പൂട്ടിയതായും പറഞ്ഞു. എന്നാല്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന വടക്കന്‍ കൊറിയ രാജ്യം നേരിടുന്ന സാമ്പത്തീക പ്രതിസന്ധികളെ തുടര്‍ന്നാണ് എംബസി പൂട്ടുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
അന്താരാഷ്ട്ര അനുമതിക, കോവിഡ് മഹാമാരി, സ്വയം സ്വീകരിച്ചിരിക്കുന്ന ഒറ്റപ്പെടല്‍ നയം എന്നിവയെല്ലാം വടക്കന്‍ കൊറിയയുടെ സാമ്പത്തീക മേഖലയെ സാരമായി ബാധിച്ചതായിട്ടാണ് വിവരം. വടക്കന്‍ കൊറിയയുടെ ആണവ നയം മൂലം അന്താരാഷ്ട്ര സമൂഹം ചുമത്തിയിരിക്കുന്ന നിയന്ത്രണങ്ങളും അതിന്റെ സാമ്പത്തീക സ്ഥിതിയെ മോശമായി ബാധിച്ചിട്ടുണ്ട്.
ബാങ്കിംഗ്, കയറ്റുമതി, ഇറക്കുമതി, തുടങ്ങി വിവിധ മേഖലകളെ ഇത് ആഴത്തില്‍ ബാധിച്ചു. ഇത് അന്താരാഷ്ട്ര വാണിജ്യത്തെയും വിദേശനാണ്യത്തിന്റെ ലഭ്യതയെയും താറുമാറാക്കിയിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്. കോവിഡ് മഹാമാരി തന്നെ വടക്കന്‍ കൊറിയയുടെ സാമ്പത്തീക മേഖലയ്ക്ക് വന്‍ തിരിച്ചടി നല്‍കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയാന്‍ വടക്കന്‍ കൊറിയ അവരുടെ അതിര്‍ത്തികള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെ എടുത്ത നടപടികളും വടക്കന്‍ കൊറിയയുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ചു. ഇത് അവരുടെ ഏറ്റവും വലിയ സാമ്പത്തിക പങ്കാളിയും വരുമാന സ്രോതസും സഹായിയുമായ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധവും മുറിയാന്‍ കാരണമായി.
അതിര്‍ത്തി അടച്ചത് വിദേശനാണ്യത്തിന്റെ കരുതലും കുറയാന്‍ ഇടയാക്കി. ഇത് വടക്കന്‍ കൊറിയയുടെ വിദേശ ലക്ഷ്യങ്ങളെയും ബാധിച്ചു. അതേ സമയം എംബസികള്‍ തന്നെ വടക്കന്‍ കൊറിയയുടെ വിദേശനാണ്യ വരുമാന സ്രോതസ്സായിരുന്നു, ഫണ്ട് സൃഷ്ടിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നു. അതേസമയം വടക്കന്കൊറിയയ്ക്ക് മേല്‍ വര്‍ധിച്ചുവരുന്ന സൂക്ഷ്മപരിശോധനയും ഉപരോധങ്ങളും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കി. ഈ നയതന്ത്ര തസ്തികകള്‍ നിലനിര്‍ത്താനുള്ള സാമ്പത്തിക സാദ്ധ്യത കുറയ്ക്കുന്നു.
1990-കളുടെ പകുതി മുതല്‍ അവസാനം വരെ ഉത്തരകൊറിയ അതിന്റെ നയതന്ത്ര സാന്നിദ്ധ്യം പിന്നോട്ടടിക്കുന്നതിന്റെ സൂചനകള്‍ കാട്ടുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഒരു വിനാശകരമായ ക്ഷാമത്തോടൊപ്പമാണ് അന്ന് ഇത് കൂട്ടിവായിക്കപ്പെട്ടത്. ചില കണക്കുകള്‍ സൂചിപ്പിക്കുന്നത് ക്ഷാമം മൂലമുള്ള മരണങ്ങള് ദശലക്ഷക്കണക്കിന് എത്തുമെന്നാണ്.






