
പ്ലസ് ടു വിദ്യാർത്ഥി ട്യൂഷന് ഫീസിന്റെ പേരില്‍ ഒന്‍പതാം ക്ലാസ്സുകാരനെ കുത്തിക്കൊന്നു. ട്യൂഷനെടുക്കുന്ന അധ്യാപക ദമ്പതികളുടെ മകനെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയത്. 5000 രൂപ ട്യൂഷന് ഫീസ് അടയ്ക്കാന്‍ പറ്റാതിരുന്നതോടെ തന്റെ ട്യൂഷന് ഫീസിന്റെ പേരില്‍ മാതാപിതാക്കളെ അധ്യാപകര്‍ അപമാനിച്ചെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്ലസ് ടു വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.
ഒഡീഷയിലെ ജത്നിയിലെ ബെനപഞ്ജരി ഗ്രാമത്തിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തന്റെ മുറിയിലായിരിക്കെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ട്യൂഷനെടുക്കുന്ന തിരക്കിലായിരുന്നുവെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി കമ്മീഷണർ പ്രതീക് സിംഗ് പറഞ്ഞു. നിലവിളി കേട്ട് ദമ്പതികൾ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ മകന് രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടൻ തന്നെ ഖുർദ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പോലീസ് ഉദ്യോഗസ്ഥർ വിവരമറിഞ്ഞ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു സ്കൂൾ ബാഗ് കണ്ടെത്തി. അതിൽ സ്കൂൾ യൂണിഫോമും പുസ്തകങ്ങളും ഉണ്ടായിരുന്നു. ആ ബാഗിൽ നിന്ന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞു. ചോദ്യംചെയ്യലിൽ പ്ലസ് ടു വിദ്യാർത്ഥി കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു.






