
മൂവാറ്റുപുഴ അടൂപ്പറമ്പിൽ അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ച നിലയിൽ . ആസാം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ്മ എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അടൂപ്പറമ്പ് കമ്പനിപ്പടിയ്ക്ക് സമീപമുള്ള താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവര്‍ തടിമില്ലിലെ ജീവനക്കാരാണ്.
ഇരുവരുടേയും മൃതദേഹം കഴുത്തറുത്ത നിലയിലാണ്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്കപ്പമുണ്ടായിരുന്ന ഒഡീസ്സ സ്വദേശിയായ ഗോപാൽ മാലികിനെ ഇന്ന് രാവിലെ മുതൽ കാണാനില്ലെന്നും ഇയാൾ ട്രെയിൻ കയറി പോയതായുമാണ് സമീപവാസികള്‍ നല്കുന്ന വിവരം. മരിച്ച നിലയിൽ കണ്ടെത്തിയ തൊഴിലാളികളിൽ ഒരാളുടെ ഭാര്യ ഇന്ന് രാവിലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ മില്ലുടമയുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് മില്ലുടയുടെ നിർദ്ദേശപ്രകാരം തൊഴിലാളികളുടെ താമസ സ്ഥലത്തെത്തിയ ബേക്കറി ജീവനക്കാരനാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
മൂവാറ്റുപുഴ പോലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് വരികയാണ്. കാണാതായ ആൾക്ക് വേണ്ടി പോലീസ് അന്വേഷണം ഉർജ്ജിതമാക്കി. ഫോറൻസിക് - വിരലടയാള വിദഗധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും.






