
വിയ്യൂര്‍: അതിസുരക്ഷാ ജയിലില്‍ തടവുകാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍. പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ച് ജീവനക്കാരെ ആക്രമിച്ച ഒരു വിഭാഗം ഗാര്‍ഡ് ഓഫീസ് തല്ലിത്തകര്‍ത്തു. മൂന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കു പരുക്ക്. ടി.പി. വധക്കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശിയും കൊലപാതകക്കേസ് പ്രതിയുമായ കാട്ടുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ഇന്നലെ ഉച്ചഭക്ഷണസമയം ഏറ്റുമുട്ടിയത്.
ഭക്ഷണ സാധനങ്ങളും പാത്രങ്ങളും അടക്കം ഏറിഞ്ഞായിരുന്നു തമ്മിലടി. ഓടിയെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം സംഘത്തെ രക്ഷിച്ച് ഓഫീസിലെത്തിച്ചു. ഈ സമയം കാട്ടുണ്ണി കൈ മുറിച്ചു. ാസ് പൊട്ടിച്ച് സ്വയം മുറിച്ചതാണെന്നും കൊടി സുനിയുടെ സംഘം കുത്തിപ്പരുക്കേല്പ്പിച്ചതാണെന്നും പറയുന്നു.
കാട്ടുണ്ണി അടക്കമുള്ളവരെ രക്ഷിച്ചതില്‍ പ്രകോപിതരായ കൊടി സുനിയും സംഘവും ജയില്‍ ബ്ലോക്കിലെ ഗാര്‍ഡ് ഓഫീസില്‍ അതിക്രമിച്ചുകയറി. കമ്പിയടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഫര്‍ണിച്ചറുകളും ജനലുകളും മേശകളും തല്ലിത്തകര്‍ത്തു. പ്രിസണ്‍ ഓഫീസര്‍ അര്ജുന് അടക്കം മൂന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഇവരെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്കായി അര്‍ജുനെ പിന്നീട് തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചികിത്സയക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
ഞായറാഴ്ചയായതിനാല്‍ ആക്രമണ സമയം ഉന്നത ഉദ്യോഗസഥര്‍ ജയിലില്‍ ഉണ്ടായിരുന്നില്ല. ജില്ലാ ജയിലില്‍നിന്നും സെന്‍ട്രല്‍ ജയിലില്‍നിന്നും കൂടുതല്‍ ജീവനക്കാരെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. അതിസുരക്ഷാ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത അധികാരികള്‍ ഇന്ന് ജയില്‍ സന്ദര്‍ശിക്കും. മുമ്പും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനെത്തുടര്‍ന്ന് കൊടി സുനിയെ ജയില്മാറ്റാനും അധികൃതര്‍ നിര്‍ബന്ധിതരായിരുന്നു.






