
എറെ ആരാധകരുളള ബോളിവുഡ് നടിയാണ് തബു. ദിവസങ്ങള്‍ക്ക് മുമ്പാണ് തബു തന്റെ 52 ാം പിറന്നാള്‍ ആഘോഷിച്ചത്. പ്രായമേറെയായിട്ടും വിവാഹിതയാകാതെ സിംഗിള്‍ ജീവിതം നയിക്കുന്നതിനെ പറ്റി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തബു വ്യക്തമാക്കി.
നിങ്ങള്‍ക്ക് സന്തോഷം വരാന്‍ പല വഴികളുണ്ട്. അത് നിങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് നോക്കിയല്ല. നമ്മള് തനിച്ചാണെങ്കില്‍ ഏകാന്തതയേയും ഒറ്റപ്പെടലിനെയും മറികടക്കാനുളള വഴികള്‍ കണ്ടെത്താനാകും.
എന്നാല്‍ ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഒരു പങ്കാളിയാണ് കൂടെയുളളതെങ്കില് ഒറ്റപ്പെടലിനെക്കാളും മോശമായ അവസ്ഥയാണ് ഉണ്ടാകുക. സ്ത്രീക്കും പുരുഷനുമിടയിലുളള ബന്ധം അല്പം സങ്കീര്‍ണമാണ്. ചെറിയ പ്രായത്തില്‍ നമുക്ക് സ്നേഹത്തെ കുറിച്ചൊരു സങ്കല്പമുണ്ടായിരിക്കും. പ്രായം കൂടും തോറും അനുഭവങ്ങള്‍ക്ക് അനുസരിച്ച് ആ സങ്കല്പത്തില് മാറ്റങ്ങള്‍ സംഭവിക്കും.
എനിക്ക് എന്റേതായ ലോകം പടുത്തുയര്‍ത്തണമെന്നായിരുന്നു ആഗ്രഹം. അതിനായാണ് ശ്രമിച്ചത്. ഞാന്‍ അതിന് ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്റെ കഴിവിനോട് കാണിക്കുന്ന ഏറ്റവും വലിയ നീതികേടാകുമായിരുന്നു അത്.
രണ്ട് വ്യക്തികളും പരസ്പരം ജീവിതത്തില്‍ വളര്‍ച്ച കൈവരിക്കലാണ് നല്ലൊരു റിലേഷന്‍ഷിപ്പിന്റെ അടിസ്ഥാനം. ഓരോ വ്യക്തികളും സ്വതന്ത്രരായിരിക്കണം. അല്ലാതെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്. എന്റെ ചിന്താഗതി അല്പം വ്യത്യസ്തമാണെന്ന് എനിക്കറിയാം. ബന്ധത്തില്‍ സ്ത്രീയെയും പുരുഷനേയും രണ്ടായി ഞാന്‍ കാണുന്നില്ല. നിങ്ങള്‍ എന്ന വ്യക്തിക്ക് മുകളില്‍ ലിംഗഭേദത്തിന് വലിയ സ്ഥാനമുണ്ടോ? തബു വ്യക്തമാക്കി.






