
മോസ്കോ: ചിലിയില്‍ ഉണ്ടായ വ്യാപക കാട്ടുതീയില്‍ കത്തി നശിച്ചത് 100 വീടുകള്‍. വിഷവായു ശ്വസിച്ച് 19 പേര് ആശുപത്രിയലാകുകയും ചെയ്തു. ചിലയിലെ വാല്പരൈസോ നഗരത്തിലാണ് കാട്ടുതീ പടര്‍ന്നത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് ആള്ക്കാര് ആശുപത്രിയിലായതെന്ന് പ്രദേശിക മാധ്യമങ്ങള്‍ പറഞ്ഞു.
അത്യുഷ്ണവും ശക്തമായ കാറ്റും കാട്ടുതീയുടെ ശക്തി കൂട്ടിയിരിക്കുകയാണ്. അഗ്നി ശമന വിഭാഗത്തിന്റെ 49 യൂണിറ്റ് വാഹനങ്ങളും 10 വിമാനങ്ങളുമാണ് ഇവിടെ തീയണയ്ക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കാട്ടുതീ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ 200 പേരെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ടെന്ന് ചിലിയന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ലാഗുണ വെര്‍ഡേ ജില്ലയിലെ തെരുവുകള്‍ മുഴൂവന്‍ പുക നിറഞ്ഞിരിക്കുയാണ്.
പച്ചപ്പ് നിറഞ്ഞ മലനിരകളെയും പുക വിഴുങ്ങി. കാടിന്റെ 50 ഹെക്ടറോളം ഇതിനകം തീ വിഴുങ്ങി. നൂറു കണക്കിന് അഗ്നിശമന സേനാ വിഭാഗം ജീവനക്കാരാണ് കെടുത്തല് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മലയുടെ അപ്പുറത്ത് നിന്നും ആരംഭിച്ച തീ താഴേയ്ക്ക് കത്തിക്കയറുകയാണെന്ന് 48,000 കസ്റ്റമേഴ്സിന് വൈദ്യുതിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വൈദ്യൂത വിഭാഗവും വ്യക്തമാക്കി.
തലസ്ഥാനം സാന്റിയാഗോയില്‍ നിന്നും 120 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന വാല്പ്പാരൈസോ ചിലി നാഷണല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനമാണ്. വാല്പ്പാരൈസോയുടെ പ്രാന്ത പ്രദേശത്താണ് ലാഗുണാ വെര്‍ഡേ കിടക്കുന്നത്. 40 മലകള്‍ നിറഞ്ഞ സമുദ്രക്കാഴ്ചകള്‍ നല്കുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടം. 270,000 പേരാണ് നഗരത്തില്‍ താമസിക്കുന്നത്.