
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് ഉണ്ണിമുകുന്ദന്. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ താരം തന്റേതായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ജയ് ഗണേശി’നായി കാത്തിരിക്കുകയാണ് സിനിമാപ്രേക്ഷകര്‍. സിനിമയിലെ ഓരോരുത്തരുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ ആ സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നായിക ജോമോള്‍. അഡ്വക്കേറ്റിന്റെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. മലയാള സിനിമയിലേക്ക് ജോമോള്‍ക്ക് വീണ്ടും സ്വാഗതം എന്ന് കുറിച്ച് കൊണ്ട് ഉണ്ണി മുകുന്ദനാണ് പോസ്റ്റര്‍ പങ്കിട്ടത്. മഹിമ നമ്പ്യാരാണ് സിനിമയില്‍ ഉണ്ണിമുകുന്ദന്റെ നായിക. തമിഴ്, തെലുങ്ക് നടന് രവീന്ദ്ര വിജയ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശോകന്, ഹരീഷ് പേരടി എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെയുണ്ട്. രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം പ്രഖ്യാപിച്ചതോടെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി കമന്റുകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ ജോമാേള്, ഹരിഹരന് സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. ആ കഥാപാത്രത്തിന് താരത്തിന് സംസ്ഥാന അവാര്‍ഡും കിട്ടി. ദീപസ്തംഭം മഹാശ്ചര്യം , പഞ്ചാബി ഹൗസ്, തിലകം ,തില്ലാന തില്ലാന, രാക്കിളിപ്പാട്ട് എന്നിവയടക്കം ശ്രദ്ധേയ ചിത്രങ്ങള്‍ അനവധിയാണ്. 2017 ല്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുള്‍ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.






