
ആഡംബര ജീവിതം ഇഷ്ടപ്പെടാത്തവര്‍ ഇന്ന് കുറവാണ്. അതുകൊണ്ട് എല്ലാ മേഖലയിലും ട്രെന്‍ഡുകള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ ആളുകള്‍ കൊണ്ടുവരാറുണ്ട്. ഇതിന് ഉദാഹരണമാണ് സ്മര്‍ട്ട് വാച്ചുകള്‍. ഇന്ന് സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിക്കാത്തതായി അധികമാരും ഉണ്ടാകില്ല. എന്നാല്‍ ഇവ ആഡംബരത്തിനായി മാത്രം ഉപയോഗിക്കുന്നതാണെന്നാണ് പലരും ചിന്തിക്കുന്നത്. പലര്‍ക്കും ഇതിന്റെ ഉപയോഗങ്ങളെ കുറിച്ച് വലിയ ധാരണ ഉണ്ടാകില്ല. അപകടകരമായ പല സാഹചര്യങ്ങളും സ്മാര്‍ട്ട് വാച്ച് രക്ഷയായ സംഭവങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ഒരു 42 കാരന് പ്രഭാത വ്യായാമത്തിനിടയിലുണ്ടായ ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകമായത് സ്മാര്‍ട്ട് വാച്ച് ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. യുകെയിലാണ് സംഭവം. പ്രഭാത ഓട്ടത്തിനിടയിലാണ് ഹോക്കി വെയില്‍സിന്റെ സിഇഒയായ പോള്‍ വാഫാമിന് സ്വാന്‍സീയിലെ മോറിസ്റ്റണ്‍ ഏരിയയിലുള്ള തന്റെ വീടിന് സമീപത്ത് വച്ച് കടുത്ത ഹൃദയാഘാതം ഉണ്ടാകുന്നത്.
എന്നാല്‍ ആ അവസ്ഥയിലും അദ്ദേഹത്തിന് തന്റെ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഭാര്യയെ വിവരം അറിയിക്കാന്‍ സാധിച്ചു. വിവരം അറിഞ്ഞ ഭാര്യ ഉടന്‍ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വേദന സഹിക്കാന്‍ വയ്യാതെ റോഡിലേക്ക് വീണു പോയെന്നും കയ്യില്‍ സ്മാര്‍ട്ട് വാച്ച് കെട്ടിയിരുന്നത് കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. സ്മാര്‍ട്ട് വാച്ചിന്റെ സഹായത്തോടെ ഭാര്യ ലോറയെ അപ്പോള്‍ തന്നെ വിവരമറിയിക്കാന്‍ കഴിഞ്ഞു. അവര്‍ വേഗത്തില്‍ സംഭവ സ്ഥലത്തെത്തി, തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് പോള്‍ ദ മിററിനോട് പറഞ്ഞത്.






