
മോഹന്‍ലാല്‍ എന്ന നടന്റെ കരിയറില്‍ വമ്പന്‍ ഹൈപ്പില്‍ ഇറങ്ങിയ ചിത്രമാണ് ' ഒടിയന്'. വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത് 2018ല്‍ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷേ മോശം പ്രതികരണമാണ് കിട്ടിയത്. എങ്കിലും കളക്ഷനില്‍ സിനിമ വലിയ നേട്ടമുണ്ടാക്കി. ആദ്യ ദിനം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമ എന്ന നേട്ടം ഒടിയന് സ്വന്തമാക്കിയിരുന്നു. കെജിഎഫ് 2 ഇറങ്ങുന്നതുവരെ ആ നേട്ടം ഒടിയന്റെ പേരില്‍ തന്നെയായിരുന്നു. ഇത്രയും നെഗറ്റീവ് വന്നിട്ടും 50 കോടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ സംവിധായകന് ശ്രീകുമാറിനെതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. എന്നാല്‍ ഈ തവണ സിനിമയല്ല. പുതിയ ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ കാര്യം ശ്രീകുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുള്ളത്.
''ലാലേട്ടന് ഇനി ക്രേസ് ബിസ്ക്കറ്റ്സ് ബ്രാന്‍ഡ് അംബാസഡര്‍.ക്രേസ് ബിസ്ക്കറ്റ്സ് ചെയര്മാന് അബ്ദുള്‍ അസീസ് ചൊവ്വഞ്ചേരിയുമായി കരാറില്‍ ഒപ്പുവെച്ചു. ചിത്രീകരണം ഈ മാസം പാലക്കാട്..'', ശ്രീകുമാര്‍ മോഹന്‍ലാലിനും ക്രേസ് ബിസ്ക്കറ്റ്സ് ടീമിനും ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഈ സന്തോഷം പങ്കുവെച്ചു. പരസ്യമൊക്കെ എടുത്തോ പക്ഷേ ലാലേട്ടനെ വച്ച് സിനിമ എടുക്കരുത് തുടങ്ങിയ ചില രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.






