
സമീപകാലത്ത് റിലീസ് ചെയ്തതില്‍ ഏറെ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് 'കണ്ണൂര്‍ സ്ക്വാഡ്'. വലിയ പ്രീ റിലീസ് ഹൈപ്പോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ തിയേറ്ററിലെത്തി 100 കോടി ക്ലബ്ബിലും ഇടം നേടി ഈ മമ്മൂട്ടി ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിത്രം നവംബര്‍ 17 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. പുതുമുഖ സംവിധായകനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മമ്മൂട്ടിയ്ക്കൊപ്പം വിജയരാഘവന്, റോണി ഡേവിഡ്, മനോജ് കെയു, അസീസ് നെടുമങ്ങാട്, ദീപക് തുടങ്ങി നിരവധി പേര് അഭിനയിച്ച ചിത്രം സെപ്റ്റംബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. ആദ്യ വാരം തന്നെ പോസിറ്റിവ് റിവ്യൂ ലഭിച്ച ചിത്രം ഇപ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും പ്രദര്‍ശനം തുടരുന്നുണ്ട്.
ജോര്‍ജ് മാര്ട്ടിന് എന്ന എഎസ്ഐ ആയാണ് കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടി എത്തിയത്. കാസര്‍ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയില്‍ നിന്നാണ് ചിത്രത്തിന്റെ കഥ പറച്ചില് രൂപപ്പെടുത്തിയിരിക്കുന്നത്.







Comments