
കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഒരു സ്രാവ് കുഞ്ഞിന് ജന്മം നല്കിയ വാര്‍ത്തയാണ് ആളുകളെ ആശ്ചര്യപ്പെടുത്തുന്നത്. എന്നാല്‍ ഇതിലെ പ്രത്യേകത എന്തെന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഈ സ്രാവിന് ആണ് സ്രാവുമായി സമ്പര്ക്കമില്ലാതിരുന്നത്രേ. യുഎസ്സിലെ മൃഗശാലയിലാണ് വിചിത്ര സംഭവം നടക്കുന്നത്. രണ്ടാം തവണയാണ് ഇത്തരത്തില്‍ അടച്ചിടപ്പെട്ട സ്രാവ് കുഞ്ഞിന് ജന്മം നല്‍കുന്നത്. ' വെര്‍ജിന്‍ ബെര്‍ത്ത്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ഭ്രൂണം പുരുഷ ബീജസങ്കലനത്തിന്റെ ആവശ്യമില്ലാതെ തന്നെ വികസിച്ചതാണ് എന്ന് സംഭവത്തെ കുറിച്ച് ഇല്ലിനോയിസിലെ ബ്രൂക്ക്ഫീല്‍ഡ് മൃഗശാല ഫേസ്ബുക്കില്‍ കുറിച്ചു.
2019 -ലാണ് ഈ സ്രാവ് ബ്രൂക്ക്ഫീല്‍ഡ് മൃഗശാലയില്‍ എത്തിയത്. അതിനു ശേഷം അവളെ ഒരു ആണ്സ്രാവിനൊപ്പവും പാര്‍പ്പിച്ചിരുന്നില്ല എന്ന് മൃഗശാല അധികൃതര്‍ പറയുന്നു. സ്രാവ് ഓരോ മാസവും രണ്ടോ നാലോ മുട്ടകള്‍ ഇടാന്‍ തുടങ്ങി. അതില്‍ ഒന്നില്‍ നിന്നും അഞ്ച് മാസത്തെ ഇന്‍കുബേഷന്‍ ശേഷം ഒരു കുഞ്ഞ് പിറക്കുകയും ചെയ്യുകയായിരുന്നു എന്നാണ് മൃഗശാല അധികൃതര്‍ വ്യക്തമാക്കുന്നത്. ഇണചേരാതെ തന്നെ ഇങ്ങനെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കാന് സാധിക്കുന്ന ഈ പ്രതിഭാസം 'പാര്‍ത്തെനൊജെനസിസ്' എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ശാസ്ത്രഞ്ജരെ ഏറെ കൗതുകം കൊള്ളിക്കുന്നതാണ് പാര്‍ത്തെനൊജെനസിസ് എന്ന പ്രതിഭാസം.
സാധാരണയായി ആണും പെണ്ണും ചേര്‍ന്നാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഈ പൊതുവായ പ്രത്യുദ്പാദന രീതി നിലനില്‍ക്കെ തന്നെ ചില പ്രത്യേക സാഹചര്യങ്ങളില്‍ പെണ്‍ജീവികള്‍ക്ക് വേണ്ടി വന്നാല്‍ സ്വയം പ്രത്യുത്പാദനം നടത്താന്‍ കഴിയുന്നതിനെയാണ് പാര്‍ത്തെനൊജെനസിസ് എന്ന് പറയുന്നത്. കാട്ടിലും മൃഗശാലകളിലും അടക്കം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്ത്തെനൊജെനസിസിലൂടെ കടന്നു പോകുന്ന ജീവികളെ ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്.






