
ആലപ്പുഴ: സംസ്ഥാനത്തെ കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ ഒരു പരിപാടിയുമില്ലെന്നും ആലപ്പുഴയില്‍ ഇത് രണ്ടാമത്തെ ആത്മഹത്യയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നെല്ലെടുത്ത ശേഷം പണത്തിനായി കര്‍ഷകര്‍ക്ക് മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും ഗവണ്മെന്റിന്റെ തെറ്റായ നടപടിയുടെ ഇരയാണ് ഈ കര്‍ഷക ആത്മഹത്യയെന്നും പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പാണ് അമ്പലപ്പുഴയില്‍ കടം കയറി ഒരു കര്ഷകന് ആത്മഹത്യ ചെയ്തത്. ഇപ്പോള്‍ അടുത്ത ആത്മഹത്യ തകഴി കുന്നുമ്മേലായി. കര്‍ഷകരുടെ പേരില്‍ സര്‍ക്കാര്‍ എടുക്കുന്ന ലോണാണ് നിഷേധിക്കപ്പെട്ടത്. പിആര്‍എസ് ലോണ്‍ ഉള്ളതിനാല്‍ കര്‍ഷകര്‍ക്ക് മറ്റ് വായ്പ എടുക്കാനും കഴിയില്ല. അങ്ങിനെയാണ് ഈ കര്‍ഷകര്‍ കുരുക്കിലായത്. കൃഷിമന്ത്രി വസ്തുത വളച്ചൊടിക്കുകയാണ്.
നെല്ല് കൊടുത്താല്‍ പോലും പണം കിട്ടില്ല. അത് ലോണായിട്ടാണ് കിട്ടുന്നത്. ആ പണം സര്‍ക്കാര്‍ കുടിശ്ശിക വരുത്തുമ്പോള്‍ കര്‍ഷകന്റെ പേരില്‍ നോട്ടീസും ജപ്തി നടപടിയും വരുന്നു. തനിക്ക് കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രസാദ് ആത്മഹത്യ ചെയ്തത്.
സര്‍ക്കാരിന് കര്‍ഷകര്‍ക്ക് കൊടുക്കാന്‍ മാത്രമാണ് പണമില്ലാത്തത്്. ഉള്ളപണം ധൂര്‍ത്തിനും മാമാങ്കം നടത്തുന്നതിലുമാണ് താല്‍പ്പര്യം. ഈ മരണത്തിന് ഉത്തരവാദി നൂറുശതമാനവും സര്‍ക്കാരാണെന്നും സര്‍ക്കാര്‍ മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.






