
സാധാരണക്കാര്‍ക്കായി ഒരു കിടിലന്‍ മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര. ബ്രാന്‍ഡിന്റെ ജീത്തോ ശ്രേണിയിലേക്ക് പുത്തന്‍ ജീത്തോ സ്ട്രോങ്ങ് എന്ന വേരിയന്റിനെയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 2 ലക്ഷത്തിലധികം ഉപഭോക്താക്കളെ ജീത്തോ നേടിയെടുത്തിട്ടുണ്ട്. മുമ്പ് വിപണിയിലുണ്ടായിരുന്ന ജീത്തോ പ്ലസിന് പകരക്കാരനായാണ് മഹീന്ദ്ര ജീത്തോ സ്ട്രോങ്ങ് എത്തുന്നത്.
ജീത്തോ സ്ട്രോങ്ങ് അതിന്റെ പരിഷ്ക്കരിച്ച മോഡലില്‍ മികച്ച ഫീച്ചറുകള്‍ക്കൊപ്പം മികച്ച ഡ്രൈവിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്നുവെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവകാശപ്പെടുന്നത്. കൂടാതെ സെഗ്മെന്റില്‍ മികച്ച മൈലേജ്, ഉയര്‍ന്ന പേലോഡ് കപ്പാസിറ്റി, കൂടുതല്‍ ഫീച്ചറുകള്‍ എന്നിവ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് കമ്പനി പറയുന്നത്. ലാസ്റ്റ് മൈല്‍ കാര്‍ഗോ ഡെലിവറിക്ക് ഏറ്റവും അനുയോജ്യമായ ജീത്തോ സ്ട്രോങ്ങിന്റെ ഡീസല്‍ പതിപ്പിന് 5.50 ലക്ഷം രൂപയും സിഎന്‍ജി മോഡലുകള്‍ക്ക് 5.65 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
ഡീസലില്‍ 815 കിലോഗ്രാമും സിഎന്‍ജിയില്‍ 750 കിലോഗ്രാമും ഉയര്‍ന്ന പേലോഡ് കപ്പാസിറ്റിയുമുണ്ട്. മെച്ചപ്പെടുത്തിയ പേലോഡ് കപ്പാസിറ്റി കൂടാതെ മഹീന്ദ്ര ജീത്തോ സ്ട്രോങ്ങ് സെഗ്മെന്റിലെ ഏറ്റവും മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട്. സിഎന്‍ജിയില്‍ 35 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിക്കുമ്പോള്‍ ഡീസലില്‍ 32 കി.മീ. വരെ ഓടാനാവും. മെച്ചപ്പെട്ട സസ്പെന്‍ഷനോടൊപ്പം മികച്ച നിയന്ത്രണം വാഗ്ദാനം ചെയ്യുന്നതിനായി ഇലക്ട്രിക് വാക്വം പമ്പ്-അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റവും മഹീന്ദ്ര ജീത്തോ സ്ട്രോങ്ങിന് ലഭിക്കുന്നുണ്ട്. സബ് 2-ടണ്‍ കാര്‍ഗോ സെഗ്മെന്റില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഫീച്ചര്‍ ഇടംപിടിക്കുന്നത്. അങ്ങനെ ലാസ്റ്റ്-മൈല്‍ ഡെലിവറി സേവനങ്ങള്‍ക്ക് വളരയെധികം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ വാഹനത്തിനാവുമെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.
ജീത്തോ സ്ട്രോങ്ങിനൊപ്പം കമ്പനി ഒരു അധിക വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് വാഹനത്തിനൊപ്പം 7 വര്‍ഷത്തെ അല്ലെങ്കില്‍ 72,000 കിലോമീറ്റര്‍ വാറണ്ടിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍ക്ക് 10 ലക്ഷം രൂപയുടെ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്ത് ഉടമസ്ഥാവകാശ അനുഭവവും കമ്പനി പ്രദാനം ചെയ്യുന്നുണ്ട്. ഉപഭോക്തൃ പ്രതികരണങ്ങളും അവരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും നിരന്തരം ശ്രദ്ധിക്കുന്നതിന്റെ ഫലമായാണ് പുതിയ ജീത്തോ സ്ട്രോങ്ങ് രൂപമെടുത്തിരിക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുമന് മിശ്ര പറഞ്ഞു.






