
ചാലക്കുടി : തൃശ്ശൂര്‍ പെരിഞ്ഞനത്ത് വീടുകളോട് ചേര്‍ന്നുള്ള മതിലുകളില്‍ പ്രത്യക്ഷപ്പെട്ട അടയാളങ്ങള്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. സ്പ്രേ പെയിന്റ് ഉപയോഗിച്ച് വ്യത്യസ്തതരം അടയാളങ്ങളാണ് മതിലുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എല്ലാ വീടുകളുടെയും മതിലില്‍ ഇത്തരം അടയാളങ്ങളില്ല എന്നതാണ് പ്രത്യേകത. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍, വയോധികര്‍ മാത്രമുള്ള വീടുകള്‍, വിദേശത്തുള്ളവരുടെ വീടുകള്‍ എന്നിവയ്ക്ക് മുന്നില്‍ മാത്രമാണ് ഇത്തരം അടയാളങ്ങള്‍ ഉള്ളത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി പ്രദേശത്ത് അപരിചിതരായ ചിലര്‍ കറങ്ങി നടക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇക്കാര്യം സംബന്ധിച്ച ചര്‍ച്ച നാട്ടില്‍ പുരോഗമിക്കുന്നതിനിടെയാണ് മതിലുകളിലെ അടയാളങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. മാവോയിസ്റ്റുകളാണ് ഇതിനു പിന്നിലെന്നാണ് നാട്ടുകാര്‍ക്കിടയിലെ സംസാരം. സംഭവത്തില്‍ തൃശ്ശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്.






