
കടലും ബീച്ചും ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. തിളങ്ങുന്ന മണല്‍ത്തരികളും, ശാന്തമായ കടലും, അലയടിക്കുന്ന തിരമാലയും, കാറ്റുമെല്ലാം തീരത്തെത്തുന്നവര്‍ക്ക് പ്രത്യേക അനുഭൂതിയാണ് പകരുന്നത്. എന്നാല്‍ മണല്‍ത്തിരകള്‍ ഇല്ലാത്ത ഒരു തീരത്തേക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമാണെങ്കിലും സംഭവം വാസ്തവമാണ്. ചൈനയിലെ പാന്‍ജിനിലെ റെഡ് ബീച്ചാണ് മണല്‍ത്തരികള്‍ ഇല്ലാത്ത, സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ച നല്കുന്ന ഈ ബീച്ച്.
മണല്‍ത്തരികള്‍ നിറഞ്ഞ ബീച്ചിനെക്കാള് മനോഹരമാണ് ഈ ബീച്ചെന്ന് സന്ദര്‍ശകര്‍ വെളിപ്പെടുത്തുന്നത്. കാരണം, ഈ ബീച്ച് മുഴുവനും ചുമന്ന പരവതാനി പുതച്ച് പോലെയാണ് കിടക്കുന്നത്. ബെയ്ജിംഗില്‍ നിന്ന് വെറും ആറ് മണിക്കൂര്‍ യാത്ര മാത്രമാണ് പാന്‍ജിന്‍ റെഡ് ബീച്ചിലേക്കുള്ളത്. ഈ ബിച്ചില്‍ മണല്‍ത്തരികള്‍ കാണാന്‍ സാധിക്കില്ലെന്നത് മാത്രമല്ല പ്രത്യേകത. ലോകത്തിലെ തന്നെ ഏറ്റവും വലിയ തണ്ണീര്‍ത്തടങ്ങളില്‍ ഒന്നു കൂടിയാണ് ഇത്. കടും ചുവപ്പ് നിറത്തില്‍ പൊതിഞ്ഞു കിടക്കുന്ന ഈ ബീച്ച് 'സുയെദ' ( Suaeda) എന്നും അറിയപ്പെടുന്നു. ചൈനയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് റെഡ് ബീച്ച്.
തീര്‍ത്തും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുങ്ങിയിട്ടുള്ളത്. സെപ്തംബര്‍, ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ് സന്ദര്‍ശക സമയമെങ്കിലും ഒക്ടോബറിലാണ് ഇവിടേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് ശക്തമാവുക. ഈ ബീച്ചിന്റെ പരിസരപ്രദേശങ്ങള്‍ കടും ചുവപ്പു നിറത്തില്‍ കാണപ്പെടുന്നതിന് ഒരു കാരണമുണ്ട്. ഇവിടെ വളരുന്ന ഒരുതരം സീപ്വീഡാണ് (seepweed) ഇതിന് കാരണം. ഉയര്‍ന്ന ലവണാംശം ആഗിരണം ചെയ്യാന്‍ ശേഷിയുള്ള ഈ കുറ്റിച്ചെടികള്‍ ചുറ്റുപാടില്‍ നിന്ന് കടല്‍ജലം വലിച്ചെടുക്കുന്നതിനാലാണ് ഇത്തരത്തില്‍ ചുവപ്പ് നിറമായി മാറുന്നത്.
എന്നാല്‍ കാലത്തിനനുസരിച്ച് സീപ്വീഡിനും നിറം മാറ്റം സംഭവിക്കും. വസന്തകാലത്ത് പച്ച നിറമായിരിക്കും, വേനല്‍ക്കാലത്ത് അതിന്റെ നിറം മാറിക്കൊണ്ടിരിക്കും. ശരത്കാലത്തിലാണ് ഇത് ഒടുവില്‍ ചുവപ്പായി മാറുന്നു. റെഡ് ബീച്ച് ഇന്ന് ചൈനയിലെ ഒരു സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രമാണ്. ബീച്ചിന്റെയും വന്യജീവികളുടെയും സസ്യങ്ങളുടെയും സൗന്ദര്യം അടുത്തറിയാന്‍, സന്ദര്‍ശകര്‍ക്ക് മരംകൊണ്ട് നിര്‍മ്മിച്ച് പ്രത്യേക നടപ്പാതകള്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ചൈനയില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോ എടുക്കപ്പെട്ട സ്ഥലവും ഇതാണെന്ന് കരുതുന്നു.






