
മലപ്പൃറം തിരൂരിൽ വന്ദേ ഭാരതിന് മുന്നിലൂടെ വയോധികൻ റെയിൽവേ പാളം മുറിച്ചു കടന്ന സംഭവത്തില്‍ ആര് പി എഫ് അന്വേഷണം തുടങ്ങി. വന്ദേഭാരതിന്റെ മുന്നില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വയോധികനെ കണ്ടെത്താൻ ആര് പി എഫ് ഉദ്യോഗസ്ഥര്‍ ലോക്കൽ പോലീസിന്റെ സഹായം തേടി.
ആര് പി എഫ് അന്വേഷണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഒറ്റപ്പാലം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ വയോധികനെ കണ്ടെത്തി മൊഴിയെടുക്കുമെന്നും കേസ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടിയുണ്ടാകുമെന്നും ആര് പി എഫ് അറിയിച്ചു.
തിരൂർ റെയിൽവേ സ്റ്റേഷനിലുടെ വന്ദേ ഭാരത് കടന്ന് പോകുന്ന സമയത്ത് ട്രാക്ക് മുറിച്ച് കടന്ന വയോധികൻ ട്രെയിൻ ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീഡിയോ ഇന്നലെയാണ് പ്രചരിച്ചത്. ഒറ്റപ്പാലം സ്വദേശിയാണ് ട്രെയിനിന് മുന്നില്‍ നിന്നും സെക്കന്റുകളുടെ വ്യത്യാസത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.






